You are currently viewing സ്‌കൂളുകൾ അനധികൃതമായി പ്ലസ് വൺ പ്രവേശനം നടത്തിയാൽ സ്കൂളുകളുടെ അംഗീകാരം റദ്ദാക്കും: മന്ത്രി വി. ശിവൻകുട്ടി

സ്‌കൂളുകൾ അനധികൃതമായി പ്ലസ് വൺ പ്രവേശനം നടത്തിയാൽ സ്കൂളുകളുടെ അംഗീകാരം റദ്ദാക്കും: മന്ത്രി വി. ശിവൻകുട്ടി


സ്‌കൂളുകൾ അനധികൃതമായി പ്ലസ് വൺ പ്രവേശനം നടത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ആലപ്പുഴ കലവൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ ചേർന്ന സംസ്ഥാന സ്‌കൂൾ പ്രവേശനോത്സവത്തിന്റെ സ്വാഗതസംഘ രൂപീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

സ്‌കൂൾ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ജൂൺ രണ്ടിന് കലവൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ സർക്കുലർ ഇറക്കിയിട്ടുണ്ട്. അത് പാലിക്കാതെ പ്രവേശനം നടത്തുന്നത് നിയമവിരുദ്ധമാണ്. സർക്കാർ നിർദേശങ്ങൾക്ക് വിരുദ്ധമായി പ്രവേശനം നടത്തിയാൽ സ്‌കൂളുകൾക്ക് അംഗീകാരം നൽകുന്നതുപോലെതന്നെ അത് റദ്ദാക്കാനുമുളള അധികാരവും പൊതു വിദ്യാഭ്യാസ വകുപ്പിനുണ്ട്. അതുകൊണ്ടുതന്നെ ഇനി കേരളത്തിൽ വിദ്യാഭ്യാസം കച്ചവടം ആക്കി മാറ്റാമെന്ന് ആരും ചിന്തിക്കേണ്ടെന്നും മന്ത്രി പറഞ്ഞു.

2016 വരെ കേരളത്തിന്റെ വിദ്യാഭ്യാസരംഗം വളരെ ശോചനീയമായിരുന്നു. സ്‌കൂളുകൾ അടച്ചുപൂട്ടുന്നത് കണ്ട് തങ്ങളുടെ മക്കളുടെ വിദ്യാഭ്യാസം ഓർത്ത് മാതാപിതാക്കൾ വ്യസനപ്പെട്ടിരുന്നു. എന്നാൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തിൽ വന്നതോടെ കേരളത്തിന്റെ വിദ്യാഭ്യാസരംഗത്ത് സമൂലമായ മാറ്റമാണ് ഉണ്ടായത്. അയ്യായിരം കോടിയിലേറെ രൂപയാണ് വിദ്യാഭ്യാസമേഖലയുടെ വളർച്ചയ്ക്ക് സർക്കാർ ഇതുവരെ ചെലവഴിച്ചതെന്നും മന്ത്രി പറഞ്ഞു.

Leave a Reply