സംസ്ഥാനത്ത് പുതിയ നിലവാരത്തിൽ നവീകരിച്ച അറുപതിലധികം റോഡുകൾ ഒരുമിച്ച് പൊതുജനങ്ങൾക്ക് സമർപ്പിക്കാൻ സർക്കാർ ഒരുങ്ങുകയാണ്. 14 ജില്ലകളിലായി പൊതു നിർമാണ വകുപ്പിന്റെ കീഴിൽ പണി പൂർത്തിയാക്കിയ ഏകദേശം 50 റോഡുകളും തിരുവനന്തപുരം നഗരത്തിലെ 12 സ്മാർട്ട് റോഡുകളും പദ്ധതിയുടെ ഭാഗമാണ്.
ഓരോ ജില്ലകളിലും പൂർത്തിയാക്കി ഉദ്ഘാടനം ചെയ്യുന്ന റോഡുകളുടെ എണ്ണം ഇപ്രകാരമാണ്
തിരുവനന്തപുരം – 4
കൊല്ലം – 2, പത്തനംതിട്ട – 2
ആലപ്പുഴ – 4
കോട്ടയം – 5, ഇടുക്കി – 5
എറണാകുളം – 8
തൃശൂർ – 6
പാലക്കാട് – 3
മലപ്പുറം – 4
കോഴിക്കോട് – 1, വയനാട് – 1
കണ്ണൂർ – 2, കാസർഗോഡ് – 2
തിരുവനന്തപുരം സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി നവീകരിച്ച 12 റോഡുകൾ വിവിധ ആധുനിക സവിശേഷതകളോടെയാണ് ഒരുക്കിയിരിക്കുന്നത്. വഴിവിളക്കുകൾ, ടൈൽ പാകിയ നടപ്പാതകൾ, പുതുക്കിയ ഓടകൾ, അണ്ടർഗ്രൗണ്ട് ഡക്ട് വഴിയുള്ള ഇലക്ട്രിക് കേബിളുകൾ, പുനർനിർമിച്ച സ്വീവറേജ് പൈപ്പുകൾ, സൈക്കിൾ ട്രാക്ക് തുടങ്ങിയവ ഉൾപ്പെടുന്ന ഈ റോഡുകൾ തലസ്ഥാന നഗരത്തിന്റെ സൗകര്യങ്ങളിലെ ഗുണനിലവാരമുയർത്തുന്നു.
മേയ് 16-ന് വൈകുന്നേരം 4.30ന് തിരുവനന്തപുരം മാനവീയം വീഥിയിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ നൂതന റോഡുകളുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കുക.
