വാഴാനി ഡാമിലെ വിനോദസഞ്ചാരികൾക്ക് ഇനി മുതൽ കുട്ടവഞ്ചി സവാരിയിലൂടെ മനോഹരമായ അനുഭവം ആസ്വദിക്കാനാകും. കാക്കിനിക്കാട് ട്രൈബൽ ഇക്കോ ഡെവലപ്മെന്റ് കമ്മിറ്റിയുമായി സഹകരിച്ചുള്ള ഈ പദ്ധതിയുടെ ഉദ്ഘാടനവും മെയ് 22-ന് നടത്തപ്പെടും.
കാക്കിനിക്കാട് ട്രൈബൽ ഉന്നതിയിൽപ്പെട്ട ഒൻപത് ആദിവാസി കുടുംബങ്ങളിലെ പരിശീലനം ലഭിച്ച അംഗങ്ങളാണ് കുട്ടവഞ്ചികളുടെ റൈഡർമാർ. ആദ്യഘട്ടത്തിൽ നാല് കുട്ടവഞ്ചികളാണ് ഒരുക്കിയിരിക്കുന്നത്, ആവശ്യത്തിന് അനുസരിച്ച് എണ്ണത്തിൽ വർദ്ധനവുണ്ടാകുമെന്നും അറിയിച്ചിട്ടുണ്ട്. നാല് ടൂറിസ്റ്റുകൾ അടങ്ങുന്ന ഒരു സംഘത്തിന് ടിക്കറ്റ് നിരക്ക് 400 രൂപയാണ്.
സുരക്ഷയ്ക്ക് മുൻഗണന നൽകി കുട്ടവഞ്ചികളിൽ ലൈഫ് ജാക്കറ്റ്, അടിയന്തര മെഡിക്കൽ കിറ്റ് എന്നിവ ഒരുക്കിയിട്ടുണ്ട്. യാത്രക്കാരുടെയും റൈഡർമാരുടെയും ഇൻഷുറൻസ് പരിരക്ഷയും പദ്ധതിയുടെ ഭാഗമാണ്.
പദ്ധതിയുടെ നിർവ്വഹണ ഉത്തരവാദിത്വം പീച്ചി വനവികസന ഏജൻസിയ്ക്കാണ്. വാഴാനി ടൂറിസം വികസനത്തിന്റെ തുടർഘട്ടത്തിൽ കുട്ടവഞ്ചി സവാരിയോടൊപ്പം പ്രകൃതി നടപ്പ് വഴികളും, വന ഉൽപ്പന്നങ്ങളുടെയും കരകൗശല വസ്തുക്കളുടെയും വിപണനവും ഉൾപ്പെടുത്തും.
സംസ്ഥാന സർക്കാർ 5.99 കോടി രൂപ ചിലവഴിച്ച് നിർമിക്കുന്ന സംഗീത ജലധാരയുടെ നിർമാണവും വാഴാനി ഡാം ഗാർഡനിൽ പുരോഗമിക്കുകയാണ്.
തദ്ദേശീയ ജനവിഭാഗങ്ങളുടെ സാമൂഹ്യ-സാമ്പത്തിക ഉന്നമനവും, സുസ്ഥിരമായ ഇക്കോടൂറിസം വികസനവും ലക്ഷ്യമാക്കി ഈ പദ്ധതി നടപ്പിലാക്കുന്നതാണ്.
