തിരുവനന്തപുരം: കേരളത്തിൽ അടുത്ത ദിവസങ്ങളിൽ വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. അടുത്ത രണ്ട് ദിവസത്തിനുള്ളിൽ സംസ്ഥാനത്ത് തെക്കേ പടിഞ്ഞാറൻ കാലവർഷം എത്തിച്ചേരാൻ സാധ്യതയുണ്ട്. കണ്ണൂർ, കാസർഗോഡ് ഉൾപ്പടെ ആറ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്
മധ്യ കിഴക്കൻ അറബിക്കടലിൽ, വടക്കൻ കർണാടക-ഗോവ തീരത്തിനു മുകളിലായി രൂപപ്പെട്ട ന്യുനമർദ്ദം ശക്തി കൂട്ടിയതോടെ ഇത് തീവ്ര ന്യുനമർദ്ദമായി മാറാനുള്ള സാധ്യതയുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളിൽ ഇത് വടക്കോട്ടു നീങ്ങുമെന്നും കൂടുതൽ ശക്തിയേറിയ ന്യുനമർദ്ദമായി മാറുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
പടിഞ്ഞാറൻ/വടക്കു പടിഞ്ഞാറൻ കാറ്റ് അടുത്ത ഏഴു ദിവസത്തേക്ക് കേരളത്തിൽ ശക്തമായിരിക്കുമെന്നും ഈ കാലാവസ്ഥ മാറ്റങ്ങൾ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് കാരണമാകും.
അടുത്ത ഏഴ് ദിവസത്തേക്ക് വ്യാപകമായ മഴയ്ക്കും, മെയ് 24 മുതൽ 26 വരെ തീയതികളിൽ ഒറ്റപ്പെട്ട അതിതീവ്ര മഴയ്ക്കും, മെയ് 23 മുതൽ 27 വരെ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.
അതേസമയം, മെയ് 27-ഓടെ മധ്യ പടിഞ്ഞാറൻ മുതൽ വടക്കൻ ബംഗാൾ ഉൾക്കടലിലേയ്ക്ക് മറ്റൊരു ന്യുനമർദ്ദം രൂപപ്പെടാൻ സാധ്യതയുമുണ്ട്.
അപകട സാധ്യത കണക്കിലെടുത്ത് മത്സ്യതൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദേശിച്ചിട്ടുണ്ട്. മഴക്കാലത്തിൽ സംരക്ഷണ നടപടികൾ സ്വീകരിക്കാൻ അധികൃതർ പൊതുജനങ്ങളോടും അഭ്യർത്ഥിച്ചു.
