കൊല്ലം: നഗര ഹൃദയത്തിൽ തെരുവ് നായ ശല്യം ഭീഷണിയാകുമ്പോൾ, അതിനിടയിൽ ദാരുണമായ അപകടത്തിൽ കെഎപി-3 ബറ്റാലിയനിലെ പൊലീസ് ഉദ്യോഗസ്ഥൻ അനൂപ് (അഞ്ചാലുംമൂട്, കടവൂർ മണ്ണാശേരി വീട്ടിൽ) മരിച്ചു. ഇന്നലെ രാത്രി 12.15-ന് കൊല്ലം താലൂക്ക് കച്ചേരി ജംഗ്ഷനിന് സമീപമാണ് അപകടം നടന്നത്.
അനൂപിനൊപ്പം ബൈക്കിൽ യാത്ര ചെയ്തിരുന്ന സുഹൃത്ത് ജിഷ്ണുവിനും പരുക്കേറ്റു. അപകടത്തിന് ശേഷം അര മണിക്കൂറോളം സമയമെടുത്താണ് ഇവരെ ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. പരുക്കേറ്റ ജിഷ്ണുവിനെ പിന്നീട് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
തെരുവ് നായ റോഡിന് കുറുകെ ചാടിയതോടെയാണ് ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം തെറ്റി മറിഞ്ഞത്. നഗരത്തിൽ തെരുവ് നായ ശല്യം രൂക്ഷമാവുകയാണ്.
അപകടം സംബന്ധിച്ച് ഈസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.