കണ്ണൂർ: കണ്ണൂരിൽ നായയുടെ കടിയേറ്റ അഞ്ചു വയസ്സുകാരന് വാക്സിൻ എടുത്തിട്ടും പേവിഷബാധ സ്ഥിരീകരിച്ചു. മെയ് 31-നാണ് പയ്യാമ്പലം എസ്.എൻ. പാർക്കിന് സമീപം കുട്ടിക്ക് തെരുവുനായയുടെ കടിയേറ്റത്. കുട്ടിയുടെ കണ്ണിനും കാലിനും കടിയേറ്റു. കണ്ണിലേറ്റ മുറിവാണ് പേവിഷം ബാധയിലേക്ക് നയിച്ചതെന്ന് ഡോക്ടർമാർ അറിയിച്ചു. കുട്ടി ഇപ്പോൾ പരിയാരം മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിൽ അതീവ ഗുരുതരാവസ്ഥയിൽ തുടരുകയാണ്.
നായ കടിയേറ്റ ഉടൻ തന്നെ കുട്ടിക്ക് പേവിഷ് വാക്സിൻ നൽകിയിരുന്നുവെങ്കിലും, മുഖത്തും കണ്ണിലും കടിയേറ്റ മുറിവ് ഗുരുതരമായതിനാൽ രോഗം തടയാൻ സാധിച്ചില്ല. തല, മുഖം, കണ്ണ് എന്നിവയിലേറ്റ കടിയിലാണ് പേവിഷ് വാക്സിൻ ചിലപ്പോൾ ഫലപ്രദമാകാതെ പോവാനുള്ള സാധ്യത കൂടുതലെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു
സംഭവം സമൂഹത്തിൽ ആശങ്കയുയർത്തിയിട്ടുണ്ട്. നായ കടിയേറ്റാൽ ഉടൻ തന്നെ വാക്സിനും മറ്റ് പ്രതിരോധചികിത്സകളും സ്വീകരിക്കേണ്ടതിന്റെ അത്യാവശ്യകത വീണ്ടും ഈ സംഭവം ഓർമ്മപ്പെടുത്തുന്നു.
