മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എംഐടി)നടത്തിയ പുതിയ പഠനത്തിൽ, എഐ എഴുത്ത് ഉപകരണങ്ങൾ, പ്രത്യേകിച്ച് ചാറ്റ്‌ജിപിടി പോലുള്ളവ, സ്ഥിരമായി ഉപയോഗിക്കുന്നത് വൈജ്ഞാനിക ശക്തിയും സൃഷ്ടിപരതയും കുറയ്ക്കുന്നുവെന്ന് കണ്ടെത്തി. പഠനത്തിൽ 54 വിദ്യാർത്ഥികളെ മൂന്ന് ഗ്രൂപ്പുകളായി വിഭജിച്ചു. ആദ്യ ഗ്രൂപ്പ് ചാറ്റ്‌ജിപിടി ഉപയോഗിച്ചപ്പോൾ, രണ്ടാമത്തെ ഗ്രൂപ്പ് ഗൂഗിൾ സെർച്ച് ഉപയോഗിച്ചു. മൂന്നാമത്തെ ഗ്രൂപ്പ് യാതൊരു ഡിജിറ്റൽ ഉപകരണവും ഉപയോഗിക്കാതെ സ്വന്തം ചിന്തയിലൂടെയാണ് എഴുതിയത്. ഇവരുടെ തലച്ചോറിന്റെ പ്രവർത്തനം ഇഇജി ഉപയോഗിച്ച് നിരീക്ഷിച്ചു.
ചാറ്റ്‌ജിപിടി ഉപയോഗിച്ച ഗ്രൂപ്പിൽ ഏറ്റവും കുറഞ്ഞ തലച്ചോറിന്റെ ഉത്തേജനവും, സൃഷ്ടിപരതയില്ലാത്ത, ആവേശമില്ലാത്ത എഴുത്തുമാണ് കണ്ടത്. ഈ ഗ്രൂപ്പിലെ വിദ്യാർത്ഥികൾ എഴുതിയതിന്റെ വിശദാംശങ്ങൾ കുറച്ചു മിനിറ്റുകൾക്കകം തന്നെ ഓർമ്മിക്കാൻ കഴിയാതെ പോയതും ശ്രദ്ധേയമാണ്. അതേസമയം, യാതൊരു ഉപകരണവുമില്ലാതെ സ്വന്തം ചിന്തയിൽ എഴുതിയവർക്ക് ഏറ്റവും ഉയർന്ന തലച്ചോറിന്റെ പ്രവർത്തനവും മെച്ചപ്പെട്ട ഓർമ്മശക്തിയും സൃഷ്ടിപരതയും കണ്ടെത്തി.
പഠനത്തിന്റെ അടിസ്ഥാനത്തിൽ, എഐ ഉപകരണങ്ങൾ ഉപയോഗിക്കുന്നത് വിദ്യാർത്ഥികളുടെ സ്വതന്ത്ര ചിന്ത, ഓർമ്മശക്തി, പഠനക്ഷമത എന്നിവയെ ദീർഘകാലത്ത് ബാധിക്കാമെന്ന് ഗവേഷകർ മുന്നറിയിക്കുന്നു. എഐ ഉപകരണങ്ങൾ സഹായകരമായിരിക്കുമ്പോഴും അതിൽ പൂര്‍ണമായ ആശ്രയമാകുന്നത് ബുദ്ധിശക്തി കുറയ്ക്കും. അതിനാൽ, വിദ്യാർത്ഥികൾക്ക് സ്വതന്ത്രമായി ചിന്തിക്കാനും എഴുതാനും കൂടുതൽ പ്രോത്സാഹനം നൽകേണ്ടതുണ്ടെന്ന് പഠനം നിർദ്ദേശിക്കുന്നു.
