ന്യൂഡൽഹി: എയർ ഇന്ത്യയുടെ മൂന്ന് എയർബസ് വിമാനങ്ങളിൽ ഗുരുതരമായ സുരക്ഷാ വീഴ്ചകൾ കണ്ടെത്തിയതിനെ തുടർന്ന്, ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) എയർ ഇന്ത്യയെ കടുത്ത നടപടികൾ സ്വീകരിക്കാൻ നിർദേശിച്ചു. മേയ് മാസത്തിൽ നടന്ന മിന്നൽ പരിശോധനയിലാണ് ഈ വീഴ്ചകൾ കണ്ടെത്തിയത്
ഡിജിസിഎയുടെ അന്വേഷണത്തിൽ, വിമാനങ്ങളിലെ നിർണായകമായ അടിയന്തര സുരക്ഷാ ഉപകരണങ്ങളുടെ കാലാവധി കഴിഞ്ഞിട്ടും പരിശോധന നടത്താതെ മൂന്ന് എയർബസ് വിമാനങ്ങൾ സർവീസ് ചെയ്തതായി കണ്ടെത്തി. എയർബസ് എ320 വിമാനത്തിൽ സുരക്ഷാ പരിശോധന ഒരു മാസത്തിലധികം വൈകി, ഈ കാലയളവിൽ വിമാനങ്ങൾ ദുബായ്, റിയാദ്, ജിദ്ദ തുടങ്ങിയ അന്താരാഷ്ട്ര റൂട്ടുകളിൽ സർവീസ് നടത്തി. എയർബസ് എ319 വിമാനത്തിൽ പരിശോധന മൂന്ന് മാസം വൈകി, എങ്കിലും വിമാനം ആഭ്യന്തര സർവീസുകൾ നടത്തി. മൂന്നാമത്തെ വിമാനത്തിൽ രണ്ട് ദിവസം പരിശോധന വൈകിയതായും കണ്ടെത്തി.
ഈ ഗുരുതര വീഴ്ചകൾക്ക് ഉത്തരവാദികളായ മൂന്ന് ജീവനക്കാരെ പിരിച്ചുവിടാൻ എയർ എയർ ഇന്ത്യയോട് ഡിജിസിഎ നിർദേശിച്ചു. സുരക്ഷാ മാനദണ്ഡങ്ങളുടെ ലംഘനം, മേൽനോട്ടത്തിലെ പാളിച്ച, കൃത്യസമയത്ത് മറുപടി നൽകുന്നതിൽ പരാജയം എന്നിവയാണ് നടപടിക്ക് കാരണമായത്
അഹമ്മദാബാദ് വിമാനാപകടത്തിന് ദിവസങ്ങൾക്കുമുമ്പാണ് ഈ മുന്നറിയിപ്പ് നൽകിയതെന്നും, അപകടത്തിന് നേരിട്ട് ബന്ധമില്ലെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു