കൊല്ലം: കൊട്ടിയം ട്രാൻസിറ്റ് ഹോമിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച റഷ്യൻ പൗരൻ പൊലീസ് പിടിയിലായി. എൺപത്തിയേഴുകാരനായ ഇലിയ ഇക്കിമോയെ (27) കൊട്ടിയം പൊലീസ് പട്ടരുമുക്കിൽ നിന്ന് പിന്തുടർന്ന് പിടികൂടുകയായിരുന്നു.
ഏറണാകുളം മുളവകാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ വിചാരണ നേരിടുന്ന പ്രതിയാണ് ഇലിയ. ഇന്ന് (ജൂൺ 29) രാവിലെ പതിനൊന്നരയോടെയായിരുന്നു ഇയാൾ ട്രാൻസിറ്റ് ഹോമിൽ നിന്ന് രക്ഷപ്പെട്ടത്.
സിസിടിവി ദൃശ്യങ്ങളിലൂടെ സംഭവമറിഞ്ഞ സുരക്ഷ ജീവനക്കാർ തടയാൻ ശ്രമിച്ചെങ്കിലും ഇവരെ മറികടന്ന് ഇലിയ ഓടിപ്പോയി. ഉടൻ തന്നെ ട്രാൻസിറ്റ് ഹോം അധികൃതർ കൊട്ടിയം പൊലീസിനെ വിവരം അറിയിച്ചു. പിന്നാലെ നടത്തിയ തിരച്ചിലിൽ ഉമയനല്ലൂർ പട്ടരുമുക്ക് പ്രദേശത്ത് ഇയാളെ പൊലീസ് പിടികൂടുകയായിരുന്നു.
2024-ൽ സന്ദർശന വിസയിൽ കേരളത്തിലെത്തിയ ഇലിയ വിസയുടെ കാലാവധി കഴിഞ്ഞിട്ടും രാജ്യം വിടാതെ കഴിഞ്ഞിരുന്നു. പിന്നീട് അനധികൃത താമസത്തിന് അനുസരിച്ച് നിയമ നടപടി സ്വീകരിക്കുകയായിരുന്നു. ഇയാൾക്ക് എതിരായുള്ള നടപടികൾ തുടരുകയാണ്.
