You are currently viewing നൂറ്റുവൻ പാറ ടൂറിസം പദ്ധതിക്ക് രണ്ടു കോടി 20 ലക്ഷം രൂപ അനുവദിച്ചു.

നൂറ്റുവൻ പാറ ടൂറിസം പദ്ധതിക്ക് രണ്ടു കോടി 20 ലക്ഷം രൂപ അനുവദിച്ചു.

പൗരാണിക ഐതിഹ്യ പെരുമ പേറുന്ന പുലിയൂർ പഞ്ചായത്തിലെ നൂറ്റുവൻപാറ കേന്ദ്രീകരിച്ച് ടൂറിസം പദ്ധതി നടപ്പാക്കുന്നതിന് നിര്‍ദേശം വെച്ചതിന്റെ അടിസ്ഥാനത്തില്‍ ടൂറിസം വകുപ്പ് രണ്ടു കോടി 20 ലക്ഷം രൂപ അനുവദിച്ചു. ചെങ്ങന്നൂരിന്റെ പാരമ്പര്യവും സാംസ്കാരിക പൈതൃകവും വിളിച്ചോതുന്ന പ്രദേശങ്ങളെ കൂട്ടിയിണക്കി പൈതൃക ടൂറിസം പദ്ധതി നടപ്പാക്കുന്നതിന് നടത്തിവരുന്ന പരിശ്രമങ്ങളുടെ ഭാഗമായാണ് നൂറ്റുവൻ പാറ ടൂറിസം പദ്ധതിക്ക് ഇപ്പോൾ ഭരണാനുമതി ലഭിച്ചിട്ടുള്ളത്.

പദ്ധതിയുടെ ഭാഗമായി വിശ്രമ സ്ഥലം, റെയിൻ ഷെൽട്ടർ, സുരക്ഷാ ഹാൻഡ് റെയിലുകൾ, കാന്റീലിവർ വ്യൂ പോയിന്റ്, സിസിടിവി, ടോയ്ലറ്റ് സൗകര്യങ്ങൾ, റോപ്പ് വേ, സുരക്ഷാ ഗാർഡ്, മറ്റ് സുരക്ഷാ സംവിധാനങ്ങൾ എന്നിവ ഏർപ്പെടുത്തുന്നതിന് പദ്ധതി വിഭാവനം ചെയ്യുന്നു. സന്ദർശകരുടെ എണ്ണം വർദ്ധിക്കുന്നത് അനുസരിച്ച് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതാണ്.

പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ പാണ്ഡവൻ പാറ, ആലാ പൂമലച്ചാൽ, കുതിരവട്ടം ചിറ അക്വാ ടൂറിസം പദ്ധതികളുമായി സംയോജിപ്പിച്ച് കൂടുതൽ ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകൾ വികസിപ്പിക്കാൻ കഴിയും. കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റിയുടെ സാങ്കേതിക അഭിപ്രായം കൂടി പരിഗണിച്ചായിരിക്കും പദ്ധതി നടപ്പാക്കുന്നത്.

Leave a Reply