കോട്ടയം: കോടിമതയില്‍ ബൊലേറോ ജീപ്പും പിക്കപ്പ് വാനും തമ്മിൽ നടന്ന കൂട്ടിയിടിയില്‍ രണ്ട് പേർ മരിച്ചു. കൊല്ലാട് കുഴക്കീല്‍ ജെയ്‌മോൻ ജെയിംസ് (43), കൊല്ലാട് മംഗളാലയം അർജുൻ (19) എന്നിവരാണ് അപകടത്തിൽ മരണപ്പെട്ടത്. അതീവ ഗുരുതരമായി പരുക്കേറ്റ ജാദവിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ വെന്റിലേറ്ററിലേക്കു മാറ്റി.
ജീപ്പിൽ അഞ്ച് പേർ സഞ്ചരിച്ചിരുന്നതിൽ രണ്ടു പേർ മരിച്ചു. ശേഷമുള്ള മൂന്നുപേരും പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പിക്കപ്പ് വാനിൽ യാത്ര ചെയ്ത രണ്ട് പേർക്ക് അത്ര ഗുരുതരമല്ലാത്ത പരുക്കുകളാണ് ഉണ്ടായത്.
അപകടത്തെ തുടര്‍ന്ന് ബൊലെറോ ജീപ്പ് രണ്ട് പ്രാവശ്യം റോഡില്‍ തലകീഴായി മറിഞ്ഞതാണ് അപകടത്തിന്റെ ആഘാതം കൂടുതൽ വലുതാക്കിയത്. ഇന്ന് പുലർച്ചെ 12 മണിയോടെയാണ് അപകടം നടന്നത്. കോടിമത പാലം കടന്നതിനുശേഷം പെട്രോൾ പമ്പിന് സമീപം ഉണ്ടായ ഇടിയിലാണു അപകടം.
പെരുമ്പാവൂരില്‍ നിന്ന് ചങ്ങനാശേരിയിലേയ്ക്ക് തടി ഉരുപ്പടികള്‍ കയറ്റിക്കൊണ്ടു പോവുകയായിരുന്നു പിക്കപ്പ് വാനും മണിപ്പുഴ ഭാഗത്തുനിന്ന് കോട്ടയത്തേക്ക് പോവുകയായിരുന്ന ബൊലെറോ ജീപ്പും മുഖാമുഖമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൊലെറോ ജീപ്പ് പൂർണ്ണമായും തകർന്നു. പിക്കപ്പ് വാനും സാരമായി തകരാറിലായി.
ഓടിക്കൂടിയ നാട്ടുകാരുടെ സഹായത്തോടെയാണ് രക്ഷാപ്രവർത്തനം നടന്നത്. സംഭവം അറിഞ്ഞ് കോട്ടയത്ത് നിന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തി. ജീപ്പിനുള്ളില്‍ കുടുങ്ങിയ ഡ്രൈവര്‍ ജെയ്‌മോനെ വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.
ഗുരുതരമായി പരുക്കേറ്റ ജെയ്‌മോനും അർജുനും ആദ്യം കോട്ടയം ജനറൽ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മറ്റ് അഞ്ചുപേർക്കും മെഡിക്കൽ കോളജിൽ ചികിത്സ നൽകുകയാണ്. അപകടത്തെ തുടർന്നു എം.സി റോഡിൽ അരമണിക്കൂറോളം ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു.
