കൊല്ലം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്പദ്ധതിയിലൂടെ 2024-25 സാമ്പത്തിക വര്ഷം കൊല്ലം ജില്ലയില് 24.59 ലക്ഷം തൊഴില്ദിനങ്ങള് സൃഷ്ടിച്ചു. 1.92 ലക്ഷം കുടുംബങ്ങള് പദ്ധതിയില് സജീവമായി പങ്കെടുത്തു. ആവശ്യ മേഖലകളില് യഥാസമയം ജോലികള് പൂര്ത്തിയാക്കിയതിന്റെ ഭാഗമായാണ് ഈ നേട്ടം.തൊഴിലുറപ്പ് പ്രവര്ത്തനങ്ങളില് ജില്ല സംസ്ഥാനത്ത് നാലാം സ്ഥാനത്താണ്
ഈ വര്ഷം 385.15 കോടി രൂപ ചെലവഴിച്ചാണ് 96.41 ലക്ഷം തൊഴിലുദിനങ്ങള് പൂര്ത്തീകരിച്ചത്. ഇതില് 323.86 കോടി രൂപ കൂലിയും 46.58 കോടി മെറ്റീരിയല് ചെലവുമാണ്. 1.36 ലക്ഷം കുടുംബങ്ങള്ക്ക് തൊഴില് ലഭിച്ചപ്പോൾ, 67,281 കുടുംബങ്ങള് 100 ദിവസത്തെ പൂര്ണ തൊഴില് നേടുന്നതില് വിജയിച്ചു.
പട്ടികജാതിക്കാർക്ക് വേണ്ടിയുള്ള ഇടപെടലുകളും ശ്രദ്ധേയമാണ്. 25,860 പട്ടികജാതി കുടുംബങ്ങള്ക്കും 1,145 പട്ടികവര്ഗ്ഗ കുടുംബങ്ങള്ക്കും പദ്ധതി വഴി തൊഴില് ലഭിച്ചു. ഇതിലൂടെ യഥാക്രമം 19.18 ലക്ഷം, 1.43 ലക്ഷം തൊഴിലുദിനങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്. 13,279 പട്ടികജാതി കുടുംബങ്ങളും 723 പട്ടികവര്ഗ്ഗ കുടുംബങ്ങളും 100 തൊഴില്ദിനങ്ങള് പൂര്ത്തിയാക്കി.
