കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഉണ്ടായ ഗുരുതരമായ അപകടത്തിൽ തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു മരണപ്പെട്ട സംഭവത്തിൽ കേരളം മുഴുവൻ ദുഃഖത്തിൽ ആഴ്ന്നിരിക്കുകയാണ്. ആശുപത്രിയുടെ 14-ആം വാർഡിന്റെ മൂന്നാം നിലയിൽ കുളിക്കാൻ എത്തിയ സമയത്താണ് കെട്ടിടം തകർന്നു വീണത്. ബിന്ദു ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മകൾക്ക് കൂട്ടിരിക്കാൻ എത്തിയതായിരുന്നു.
“അമ്മക്ക് പകരം എന്നെ എടുത്താൽ മതിയായിരുന്നു” എന്ന് പൊട്ടിക്കരഞ്ഞത് കേരള മനസ്സാക്ഷിയെ തൊട്ടുണർത്തി. “ഞാൻ ആരെയൊക്കെ വിളിച്ചു പ്രാർത്ഥിച്ചു, അമ്മയ്ക്ക് ഒന്നും സംഭവിക്കരുതേ… അമ്മ ആരെയും ദ്രോഹിച്ചിട്ടില്ല…” എന്ന് കരഞ്ഞ് പറഞ്ഞ നവനീത്തിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിലും വാർത്തമാധ്യമങ്ങളിലും വ്യാപകമായ പ്രതികരണങ്ങൾ ഉയർത്തിയിട്ടുണ്ട്.
അപകടം നടന്ന ഉടനെ തന്നെ മന്ത്രിമാർ “ആളൊഴിഞ്ഞ കെട്ടിടം” ആയിരുന്നുവെന്ന് അഭിപ്രായപ്പെട്ടതും വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ഇതു മൂലമാണ് രക്ഷാപ്രവർത്തനം വൈകിയതെന്ന ആരോപണവും ഉയരുന്നുണ്ട്. അപകടമുണ്ടായ ശേഷം രണ്ട് മണിക്കൂർ കഴിഞ്ഞ ബിന്ദുവിനെ കണ്ടെത്താനായത് അതീവ ദു:ഖകരമായ ഒന്നാണ്.
ബിന്ദു കാണാതായതായി ആദ്യം തിരിച്ചറിഞ്ഞത്, മകളായ നവമിയുടെ മുറിയിൽ എത്താത്തതും ഫോൺ വിളിക്കുമ്പോൾ കിട്ടാത്തതുമാണ്. പിന്നാലെ നടത്തിയ തിരച്ചിലിൽ മണിക്കൂറുകൾക്കുശേഷമാണ് ബിന്ദുവിനെ ഗുരുതരാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
