ഗുണമേന്മയില്ലാത്ത കാലിത്തീറ്റയും കോഴിത്തീറ്റയും ധാതുലവണങ്ങളും വിൽക്കുന്ന ഏജൻസികളുടെ വ്യാപാരത്തിന് എതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് മൃഗസംരക്ഷണ, ക്ഷീരവികസന, മൃഗശാല വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി അറിയിച്ചു.
താമരക്കുളം ഗ്രാമപഞ്ചായത്ത് മൃഗാശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കന്നുകാലികൾക്ക് ഗുണമേന്മയുള്ള തീറ്റ നൽകുന്നത് പാലുത്പാദനമുയർത്താൻ നിർണായകമാണെന്ന് മന്ത്രി പറഞ്ഞു. ക്ഷീരകർഷകർ ഇത് ഉറപ്പാക്കണമെന്നും അവർ ചൂണ്ടിക്കാട്ടി.
പാലിന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ വില നൽകുന്ന സംസ്ഥാനം കേരളമാണെന്നും, കേരളത്തിലെ പാലമാണ് രാജ്യത്ത് ഏറ്റവും ഗുണമേന്മയുള്ളതെന്ന് കേന്ദ്ര സർക്കാർ അംഗീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ എല്ലാ പശുക്കളെയും ഉൾപ്പെടുത്തി സമഗ്ര ഇൻഷുറൻസ് പദ്ധതി നടപ്പാക്കുന്നതിന് സർക്കാർ പരിഗണന നൽകുന്നതായും മന്ത്രി വ്യക്തമാക്കി.
