You are currently viewing സുരക്ഷാഭീഷണി: ജില്ലാ ആശുപത്രിയ്ക്ക് സമീപത്തെ വഴിയോര കച്ചവടം നിരോധിച്ചു

സുരക്ഷാഭീഷണി: ജില്ലാ ആശുപത്രിയ്ക്ക് സമീപത്തെ വഴിയോര കച്ചവടം നിരോധിച്ചു

കൊല്ലം എ. എ. റഹീം മെമ്മോറിയല്‍ ജില്ലാ ആശുപത്രിയുടെ ഓക്‌സിജൻ പ്ലാന്റിനും മരുന്ന് സംഭരണശാലയ്ക്കും നേരിടുന്ന സുരക്ഷാ ഭീഷണിയെ തുടര്‍ന്ന് ആശുപത്രിക്ക് സമീപമുള്ള വഴിയോര കച്ചവടങ്ങൾ അടച്ചുപൂട്ടാൻ ജില്ലാകലക്ടർ എന്‍. ദേവിദാസ് ഉത്തരവിട്ടു.

എൽ.പി.ജി സിലിണ്ടറുകൾ, ഗ്യാസ്/മണ്ണെണ്ണ/വിറകടുപ്പുകൾ തുടങ്ങിയത് ഉപയോഗിച്ച് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന തട്ടുകടകളാണ് പ്രധാന ഭീഷണിയെന്നു കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ആശുപത്രിയുടെ പ്രധാന വാതിലിനോട് ചേർന്ന് പ്രവർത്തിക്കുന്ന ഈ തട്ടുകടകൾ ഓക്‌സിജൻ പ്ലാന്റിന് നേരിട്ട് അപകടം സൃഷ്ടിക്കാനിടയുള്ളതായി സബ് കലക്ടർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു.
ജില്ലാ ഫയര്‍ ഓഫീസര്‍, ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് ഇന്‍സ്‌പെക്ടര്‍, കൊല്ലം കോര്‍പ്പറേഷന്‍ സെക്രട്ടറി എന്നിവരും സ്ഥലപരിശോധന നടത്തി ഭീഷണി സ്ഥിരീകരിച്ചതിനുശേഷമാണ് കലക്ടറുടെ നടപടി.

വഴിയോര കച്ചവടങ്ങൾ അടയ്ക്കുന്നതിനൊപ്പം, ഇവര്‍ക്ക് പകരം യോജിച്ച സ്ഥലങ്ങൾ കണ്ടെത്തി അനുവദിക്കുന്നതിന് കൊല്ലം കോർപ്പറേഷൻ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ദുരന്ത നിവാരണ നിയമം 2005 പ്രകാരമുള്ള സെക്ഷനുകൾ (26(2), 30, 33, 34, 73) അടിസ്ഥാനമാക്കിയുള്ളതാണ് ഉത്തരവ്.

Leave a Reply