You are currently viewing എംഎസ്‌സി എൽസ–3 കപ്പൽ തകർച്ച: കേരളം 9,531 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടു

എംഎസ്‌സി എൽസ–3 കപ്പൽ തകർച്ച: കേരളം 9,531 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടു

കൊച്ചി തീരത്ത് മെയ് 25-ന് മുങ്ങിയ ചരക്കുകപ്പൽ എംഎസ്‌സി എൽസ–3 സംഭവത്തിൽ, സംസ്ഥാന സർക്കാർ മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനിക്കെതിരെ 9,531 കോടി രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ അഡ്മിറാലിറ്റി സ്യൂട്ട് ഫയൽ ചെയ്തു. പാരിസ്ഥിതിക, സാമ്പത്തിക നഷ്ടങ്ങൾ, തീരദേശ ജനങ്ങളുടെ ഉപജീവന നഷ്ടം എന്നിവയെ അടിസ്ഥാനമാക്കിയുള്ള ഈ ഹർജിയിൽ ഹൈക്കോടതി എംഎസ്‌സി എൽസ–3യുടെ സഹോദര കപ്പലായ എംഎസ്‌സി അകിറ്റെറ്റ–2-നെ അറസ്റ്റുചെയ്യാൻ ഉത്തരവിട്ടു. ഈ കപ്പൽ വിഴിഞ്ഞം തുറമുഖത്ത് ഇപ്പോൾ നിർത്തിയിരിക്കുകയാണ്. കമ്പനി നഷ്ടപരിഹാരത്തിന് സുരക്ഷാ തുക നൽകുന്നതുവരെ കപ്പൽ വിടാൻ അനുവദിക്കില്ല.

സംഭവം സംസ്ഥാന ദുരന്തമായി സർക്കാർ പ്രഖ്യാപിച്ചിരുന്നു. കപ്പലിൽ ഉണ്ടായിരുന്ന 640 കണ്ടെയ്നറുകളിൽ 13 എണ്ണം അപകടകരമായ വസ്തുക്കളാണ് ഉൾക്കൊണ്ടിരുന്നത്. കപ്പൽ പൂർണ്ണമായും മുങ്ങിയതോടെ കണ്ടെയ്നറുകൾ സംസ്ഥാനത്തിന്റെ തെക്കൻ തീരങ്ങളിൽ പലയിടത്തായി അടിഞ്ഞു. ഇതോടെ തീരദേശ പരിസ്ഥിതി, മത്സ്യബന്ധന മേഖല, മത്സ്യത്തൊഴിലാളികൾ എന്നിവയ്ക്ക് വലിയ നഷ്ടമുണ്ടായി. മല്സ്യതൊഴിലാളികൾക്ക് അടിയന്തര സഹായമായി സർക്കാർ 10 കോടി 55 ലക്ഷം രൂപ അനുവദിക്കുകയും, ഓരോരുത്തർക്കും ആയിരം രൂപയും ആറുകിലോ അരിയും നൽകുകയും ചെയ്തു.

പാരിസ്ഥിതികവും സാമ്പത്തികവുമായ നാശം സംഭവിച്ചതിനാൽ കപ്പൽ ഉടമകളെതിരെ പോലീസ് കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. എംഎസ്സി എൽസ–3 കപ്പലിൽ കാൽസ്യം കാർബൈഡ് പോലുള്ള അപകടകരമായ വസ്തുക്കളും ഉണ്ടായിരുന്നുവെന്ന് സർക്കാർ റിപ്പോർട്ട് വ്യക്തമാക്കുന്നു.

Leave a Reply