തിരുവനന്തപുരം: രാജ്യവ്യാപകമായി വിവിധ തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത ബന്ദിനോട് അനുബന്ധിച്ച് സംസ്ഥാനത്ത് കെഎസ്ആർടിസി സർവീസുകൾക്ക് വലിയ തടസ്സം നേരിട്ടു. സമരാനുകൂലികൾ ബസുകൾ തടയുകയും ചിലയിടങ്ങളിൽ ഉദ്യോഗസ്ഥരുമായി തർക്കങ്ങളും മർദ്ദനവും ഉണ്ടാകുകയുമുണ്ടായി.
തിരുവനന്തപുരം നഗരത്തിൽ കെഎസ്ആർടിസി ബസ് ടെർമിനലിൽ നിന്ന് പുറപ്പെടാനെത്തിയ പല ബസ്സുകളും സമരാനുകൂലികൾ തടഞ്ഞു. മ്യൂസിയം ജംഗ്‌ഷനിൽ സമരക്കാർ റോഡ് ഉപരോധിച്ച് പ്രതിഷേധ പ്രകടനം നടത്തി, നഗരത്തിലെ വാഹനഗതാഗതം കുറച്ചുനേരത്തേക്ക് സ്തംഭിച്ചു
കൊല്ലം ജില്ലയിൽ കൊട്ടാരക്കരയിൽ നിന്നു കോട്ടയത്തേക്കുള്ള സർവീസും സമരാനുകൂലികൾ തടഞ്ഞു.
കരുനാഗപ്പള്ളിയിൽ നിന്നും സർവീസ് നടത്തിയ ബസ്സിലെ കണ്ടക്ടർ ശ്രീകാന്തിന് മർദ്ദനമേറ്റതായി റിപ്പോർട്ടുകൾ പറയുന്നു.
പത്തനാപുരം കെഎസ്ആർടിസി ഡിപ്പോയിൽ, ഗതാഗതമന്ത്രിയുടെ നിർദ്ദേശം ഉണ്ടായിട്ടും ഒരു ബസ് പോലും സർവീസ് നടത്താനായില്ല. ജോലിക്കെത്തിയ ജീവനക്കാരും സമരാനുകൂലികളും തമ്മിൽ തർക്കം ഉണ്ടാവുകയും, ബസുകൾ തടയപ്പെടുകയും ചെയ്തു.
