ക്രിക്കറ്റിന്റെ ആത്മീയ കേന്ദ്രമായ ലോർഡ്‌സിൽ സച്ചിൻ ടെണ്ടുൽക്കർ തന്റെ ഔദ്യോഗിക ഛായാചിത്രം അനാച്ഛാദനം ചെയ്തു. പ്രശസ്ത ബ്രിട്ടീഷ് കലാകാരൻ സ്റ്റുവർട്ട് പിയേഴ്‌സൺ റൈറ്റ് വരച്ച ഈ ചിത്രം, 18 വർഷം മുമ്പ് എടുത്ത ഒരു ഫോട്ടോയെ അടിസ്ഥാനമാക്കിയുള്ളതാണ്.1988-ൽ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റ കുറിച്ച് ആഗോള ആദരവിന് അർഹനായി തീർന്ന സച്ചിന്റെ യാത്രയെ ഓർമ്മപ്പെടുത്തുന്നു.
ഈ അനാച്ഛാദന ചടങ്ങ് നടന്നത്, 2025 ജൂൺ 20ന് ആരംഭിച്ച ആൻഡേഴ്സൺ-ടെണ്ടുൽക്കർ ട്രോഫി പരമ്പരയുടെ ഭാഗമായിട്ടാണ്. പട്ടൗഡി ട്രോഫിക്ക് പകരം ഇംഗ്ലണ്ട്-ഇന്ത്യ ടെസ്റ്റ് പരമ്പരക്കായി അവതരിപ്പിച്ച ഈ പുതിയ ട്രോഫി, ടെണ്ടുൽക്കറിന്റെ 15,921 ടെസ്റ്റ് റൺസിനെയും ആൻഡേഴ്സന്റെ 704 വിക്കറ്റുകളെയും അനുസ്മരിപ്പിക്കുന്നതാണ്.
100 അന്താരാഷ്ട്ര സെഞ്ച്വറികളെന്ന അപൂർവ നേട്ടം നേടിയ ഏക ക്രിക്കറ്റ് താരം എന്ന നിലയിൽ സച്ചിന്റെ പ്രശസ്തി, വെറും കണക്കുകൾക്കപ്പുറമുള്ള ആഗോള സ്വാധീനമായിത്തീരുന്നു.
അനാച്ഛാദന ചടങ്ങിനായി ലോർഡ്‌സിൽ ഒത്തുകൂടിയ ആരാധകരുടെയും സഹതാരങ്ങളുടെയും സാന്നിധ്യത്തിൽ, ആ നിമിഷം ഒരു ക്രിക്കറ്റ് താരം നേടിയ റൺസിനോ സെഞ്ച്വറികൾക്കോ അതീതമായി മാറി. അതൊരു കൗമാരത്തിൽ ഉറപ്പിച്ച സ്വപ്നം യാഥാർത്ഥ്യമായിത്തീരുന്നതിന്റെയും, കാലങ്ങളായി ലോകം അഭിമാനിക്കുന്ന ഒരു യാത്രയുടെയും സ്മരണയായിരുന്നു.
