You are currently viewing ചരിത്രപ്രസിദ്ധമായ ആറന്മുള വള്ളസദ്യയ്ക്ക് തുടക്കമായി:മന്ത്രി കെ. ബി. ഗണേഷ് കുമാർ ഉദ്ഘാടനം നിർവഹിച്ചു

ചരിത്രപ്രസിദ്ധമായ ആറന്മുള വള്ളസദ്യയ്ക്ക് തുടക്കമായി:മന്ത്രി കെ. ബി. ഗണേഷ് കുമാർ ഉദ്ഘാടനം നിർവഹിച്ചു

രുചിയുടെ താള പെരുമയിൽ ചരിത്രപ്രസിദ്ധമായ ആറന്മുള വള്ളസദ്യയ്ക്ക് തുടക്കമായി. പാർത്ഥസാരഥി ക്ഷേത്രത്തിനു മുമ്പിലെ ആനക്കൊട്ടിലിൽ ഭദ്രദീപം തെളിയിച്ച് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ ഉദ്ഘാടനം ചെയ്തു. കലയുടെയും സാംസ്കാരത്തിന്റെയും മലയാളികളുടെ ആതിഥ്യ മര്യാദയുടെയും അടയാളമാണ് ആറന്മുള വള്ളസദ്യയെന്ന് മന്ത്രി പറഞ്ഞു.  കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെ ഭാഗമായ പഞ്ചപാണ്ഡവ ക്ഷേത്രദർശന യാത്രയ്ക്ക് വൻ പിന്തുണയാണ് ലഭിക്കുന്നത്. കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്ന് വള്ളസദ്യ കഴിക്കാൻ ജാതി-മത ഭേദമന്യേ തീർത്ഥാടകർ എത്തുന്നുണ്ടെന്നും മന്ത്രി കൂട്ടി ചേർത്തു.
ശേഷം തൂശനിലയിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്, ആന്റോ ആന്റണി എംപി, അഡ്വ.
പ്രമോദ് നാരായൺ എം എൽ എ എന്നിവർ വിഭവങ്ങൾ വിളമ്പി വള്ളസദ്യക്ക് തുടക്കം കുറിച്ചു.
വിശ്വാസത്തിന്റെയും  സംസ്കാരത്തിന്റെയും കലയുടെയും  ആഘോഷമാണ് ആറന്മുള വള്ളസദ്യയെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു.

കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെ പഞ്ചപാണ്ഡവ ക്ഷേത്രദർശന യാത്രയുടെ ഭാഗമായി പാഞ്ചജന്യം ഓഡിറ്റോറിയത്തിൽ  നടത്തുന്ന വള്ളസദ്യ മന്ത്രി കെ. ബി. ഗണേഷ് കുമാർ ഉദ്ഘാടനം ചെയ്തു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് എബ്രഹാം, മുൻ എംഎൽഎമാരായ രാജു എബ്രഹാം,  മാലേത്ത് സരളാദേവി, ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജെ. ഇന്ദിരാദേവി, ആറന്മുള ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷീജ റ്റി റ്റോജി,
എഡിഎം ബി. ജ്യോതി, ഡിഎം ഡെപ്യൂട്ടി കലക്ടർ ആർ. രാജലക്ഷ്മി, ഡെപ്യൂട്ടി ദേവസ്വം കമ്മീഷണർ ജി മുരളീധരൻ പിള്ള, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കെ. കെ. ഈശ്വരൻ, അസിസ്റ്റന്റ് ദേവസ്വം കമ്മീഷണർ ആർ. രേവതി,  ത്രിതല പഞ്ചായത്ത് അംഗങ്ങൾ പള്ളിയോട സേവാ സംഘം പ്രതിനിധികൾ, രാഷ്ട്രീയ സാംസ്കാരിക പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു.

ആദ്യദിനം ഏഴ് പള്ളിയോടങ്ങളാണ് വള്ളസദ്യയിൽ പങ്കെടുത്തത്. കോഴഞ്ചേരി പള്ളിയോടമാണ് ആദ്യം എത്തിയത്. ക്ഷേത്രത്തിന്റെ 52 കരകളിലെ പള്ളിയോടങ്ങൾക്കായി നടത്തുന്ന വള്ളസദ്യ ഒക്ടോബർ രണ്ടിനു സമാപിക്കും. വള്ളസദ്യയുടെ ഭാഗമായി ക്ഷേത്ര പരിസരത്ത് പോലീസിന്റെ നേതൃത്വത്തിൽ ശക്തമായ സുരക്ഷ ഒരുക്കിയിട്ടുണ്ട്. പള്ളിയോടങ്ങൾക്ക് സംരക്ഷണം നൽകി ഫയർ ആൻഡ് സേഫ്റ്റി സ്കൂബ ടീം പമ്പാ നദിയിൽ സജ്ജമായിരുന്നു.

Leave a Reply