കേരളത്തിലെ കേര വിപണിയിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വിലക്കയറ്റത്തിന് പിന്നാലെ, നാളികേരവിലയിൽ കുത്തനെ ഇടിവാണ് രേഖപ്പെടുത്തുന്നത്. കിലോയ്ക്ക് 95 രൂപ കടന്ന് സെഞ്ച്വറിയിലേക്ക് എത്തിയ വില, ഒരാഴ്ചയ്ക്കകം 57 രൂപയായി താഴ്ന്നു. കഴിഞ്ഞ ദിവസം 62 രൂപയായിരുന്നത് ഒരു ദിവസംകൊണ്ട് 5 രൂപ കൂടി ഇടിഞ്ഞു.
കൊപ്രയുടെ വിലയും കിലോയ്ക്ക് 5 മുതൽ 6 രൂപ വരെ കുറഞ്ഞിട്ടുണ്ട്. പച്ചത്തേങ്ങ 45 രൂപവരെ താഴാൻ സാധ്യതയുണ്ടെന്നാണ് വ്യാപാരികളുടെ വിലയിരുത്തൽ. തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഉത്പാദനം വര്‍ധിച്ചതും, വെളിച്ചെണ്ണ വില ഉയര്‍ന്നതിനെ തുടര്‍ന്ന് ഉപഭോക്താക്കള്‍ മറ്റ് എണ്ണകളിലേക്ക് മാറിത്തുടങ്ങിയതുമാണ് ഇടിവിന് പ്രധാന കാരണം.
ഓണക്കാലത്ത് വെളിച്ചെണ്ണ ആവശ്യകത കൂടുന്ന സാഹചര്യത്തിൽ ഉണ്ടായ ഈ വില ഇടിവ്, വറവുകളും ഉപ്പേരികളും വിൽക്കുന്ന വ്യാപാരികൾക്ക് ആശ്വാസകരമെങ്കിലും ഗ്രാമീണ തെങ്ങ്കർഷകർക്ക് തിരിച്ചടിയായി മാറുന്നു.
