തിരുവനന്തപുരം: കേരളത്തിലെ ശിശുമരണനിരക്ക് 5 ആയി കുറഞ്ഞതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ ഏറ്റവും കുറഞ്ഞ ശിശുമരണനിരക്കാണ് കേരളത്തിന്റേതെന്ന് അവർ പറഞ്ഞു.
രാജ്യത്തെ ശിശുമരണനിരക്കിന്റെ ദേശീയ ശരാശരി 25 ആണെങ്കിലും കേരളം അതിനേക്കാൾ വളരെ മുന്നിലാണ്. അമേരിക്കൻ ഐക്യനാടുകളുടെ നിരക്ക് 5.6 ആയപ്പോഴും കേരളത്തിന്റെ നിരക്ക് അതിൽ താഴെയാണെന്നത് പ്രത്യേക നേട്ടമാണ്.
കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ സാമ്പിൾ രജിസ്ട്രേഷൻ സിസ്റ്റം (SRS) സ്റ്റാറ്റിസ്റ്റിക്കൽ റിപ്പോർട്ടിലാണ് പുതിയ കണക്കുകൾ പുറത്തുവിട്ടത്. രാജ്യത്ത് ഗ്രാമ–നഗര മേഖലകളിൽ ശിശുമരണനിരക്കിൽ വലിയ വ്യത്യാസം കാണപ്പെടുന്നു. ദേശീയ ശരാശരി ഗ്രാമപ്രദേശങ്ങളിൽ 28ഉം നഗരപ്രദേശങ്ങളിൽ 19ഉം ആണ്. എന്നാൽ കേരളത്തിൽ ഗ്രാമ-നഗര മേഖലകളിൽ ഒരേ പോലെ 5 എന്ന നിരക്കാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
“ഗ്രാമ-നഗര വ്യത്യാസമില്ലാതെ ജനങ്ങൾക്ക് ഒരുപോലെ ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കാൻ കഴിഞ്ഞതാണ് ഈ നേട്ടത്തിന് പിന്നിൽ. ആരോഗ്യ മേഖലയിലെ പൊതുജനാരോഗ്യ പ്രവർത്തനങ്ങൾ വിജയകരമായി നടത്താൻ അക്ഷീണം പ്രവർത്തിച്ച എല്ലാവർക്കും നന്ദി,” എന്ന് മന്ത്രി പറഞ്ഞു.
കേരളത്തിന്റെ ആരോഗ്യമേഖലയിലെ മുന്നേറ്റത്തിന് വീണ്ടും ദേശീയ-ആഗോള അംഗീകാരം നേടിക്കൊടുക്കുന്ന കണക്കുകളാണിവ.