കൊല്ലം: ദേശീയപാത വികസനത്തിനായി പോലീസ് സന്നാഹത്തോടെ ചേപ്പാട് സെയിന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയുടെ ആയിരം വർഷം പഴക്കമുള്ള കൽകുരിശ് പൊളിച്ചുകളഞ്ഞത് തെറ്റായ നടപടിയായിപ്പോയെന്ന് കോൺഗ്രസ്സ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. നടപടി സ്വീകരിക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട അധികാരികളുമായും ഇടവകക്കാരുമായും പള്ളിയധ്യക്ഷന്മാരുമായും ആലോചിക്കേണ്ടതായിരുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കൽകുരിശ് സംബന്ധിച്ച് പള്ളി അധികാരികളോട് പറഞ്ഞിരുന്നെങ്കിൽ അവർ തന്നെ അത് മാറ്റിയേനെയെന്നും ചെന്നിത്തല പറഞ്ഞു. അനാവശ്യമായി നടപടിയെടുത്തത് പ്രശ്നങ്ങൾ സൃഷ്ടിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നാളെ എൻ.ടിപി.സിയിൽ എഡിഎമ്മിന്റെ സാന്നിധ്യത്തിൽ ചർച്ചകൾ നടത്തി പ്രശ്നം പരിഹരിക്കുമെന്നും ചെന്നിത്തല അറിയിച്ചു. ആരും നാഷണൽ ഹൈവേ പദ്ധതിക്കെതിരെ അല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
