പനമരം ∙ കാട്ടാന, കാട്ടുപന്നി തുടങ്ങിയ വന്യമൃഗങ്ങൾക്കൊപ്പം മലയണ്ണാനും ഇപ്പോൾ കർഷകരുടെ തലവേദനയാണ്. കഴിഞ്ഞ ചില മാസങ്ങളായി പനമരത്തോട് ചേർന്ന പ്രദേശങ്ങളിലെ കൃഷിയിടങ്ങളിൽ മലയണ്ണാൻ ശല്യം രൂക്ഷമായിരിക്കുകയാണ്.
തെങ്ങിൽ നിറയെ തേങ്ങകൾ കാണാമെങ്കിലും വിളവെടുപ്പിന് എത്തുമ്പോഴേക്കും അവയുടെ ഉള്ളിൽ ഒന്നുമില്ലാതാകുന്നത് കർഷകരെ ഞെട്ടിച്ചിരിക്കുകയാണ്. മലയണ്ണാൻ തേങ്ങയുടെ മുകൾ ഭാഗം തുരന്ന് കരിക്ക് മുഴുവൻ തിന്ന് കളയുകയാണ് ചെയ്യുന്നത്.വാക്കത്തി കൊണ്ട് വെട്ടിയാലും പൊട്ടാൻ പ്രയാസമുള്ള തേങ്ങയുടെ ചിരട്ട മലയണ്ണാൻ എളുപ്പത്തിൽ തുരന്ന് തീർക്കുന്നുണ്ട്.
വനാതിർത്തിയോട് ചേർന്ന പ്രദേശങ്ങൾ മാത്രമല്ല, വനത്തിൽ നിന്ന് കിലോമീറ്ററുകൾ അകലെയുള്ള സ്ഥലങ്ങളിലും മലയണ്ണാന്റെ ശല്യം വ്യാപിച്ചിരിക്കുകയാണ്. കർഷകർ നഷ്ടപരിഹാരത്തിനും സംരക്ഷണത്തിനും അധികാരികളുടെ ഇടപെടൽ ആവശ്യപ്പെട്ടിട്ടുണ്ട്.
