തിരുവനന്തപുരം: കാലാനുസൃതമായ മാറ്റങ്ങൾക്കനുസരിച്ച് പ്രവർത്തനരീതിയും അന്വേഷണരീതികളും നവീകരിക്കുന്നതിനായി കെഎസ്ആർടിസി ഇൻസ്പെക്ടർമാർക്ക് പോലീസ് ട്രെയിനിംഗ് കോളേജിൽ വിദഗ്ധ പരിശീലനം ആരംഭിച്ചു. ഗതാഗത വകുപ്പ് മന്ത്രി ബഹു. കെ.ബി. ഗണേഷ് കുമാറിന്റെ നിർദേശപ്രകാരം, ഉദ്യോഗസ്ഥരും ജീവനക്കാരും പ്രൊഫഷണൽ നിലവാരത്തിൽ കൂടുതൽ കാര്യക്ഷമരാകുന്നതിനായി വിവിധ പരിശീലന പരിപാടികൾ സംഘടിപ്പിച്ചുവരികയാണ്.
പോലീസ് ട്രെയിനിംഗ് കോളേജുമായി സഹകരിച്ച് ഒരുക്കിയ ഈ പരിപാടിയിൽ ഇൻസ്പെക്ഷൻ രീതികൾ, ടെക്നോളജി അധിഷ്ഠിത അന്വേഷണരീതികൾ, പുതിയ സോഫ്റ്റ്വെയർ സംവിധാനങ്ങൾ, അപകട റിപ്പോർട്ടിംഗ്, ബ്രേക്ക്ഡൗൺ അനാലിസിസ്, ഇൻഷുറൻസ് അപ്ഡേറ്റുകൾ, മോട്ടോർ വാഹന നിയമങ്ങൾ തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. നവംബർ 1 മുതൽ 11 വരെ വിവിധ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർക്കായി ട്രെയിനിംഗ് സെഷനുകൾ ക്രമീകരിച്ചിരിക്കുന്നു.
പരിശീലന പരിപാടി ഉദ്ഘാടനം നിർവഹിച്ച കെഎസ്ആർടിസി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ എല്ലാ പങ്കെടുത്ത ഉദ്യോഗസ്ഥർക്കും ആശംസകൾ അറിയിച്ചു. പോലീസ് ട്രെയിനിംഗ് കോളേജിലെ ഐജി ശ്രീ. ലക്ഷ്മൺ ഐ.പി.എസ്, പ്രിൻസിപ്പൽ ശ്രീ. ആർ. ജയശങ്കർ ഐ.പി.എസ് എന്നിവർ നൽകിയ സഹകരണത്തിനും കെഎസ്ആർടിസി നന്ദി അറിയിച്ചു.
ഇതേ മാതൃകയിൽ ഡ്രൈവർ, കണ്ടക്ടർ, മെക്കാനിക്, സ്റ്റോർ, സൂപ്പർവൈസറി വിഭാഗങ്ങളിലെ ജീവനക്കാർക്കും ഈ വർഷം തന്നെ പ്രത്യേക പരിശീലനങ്ങൾ ഒരുക്കുമെന്ന് അധികൃതർ അറിയിച്ചു. പ്രധാന വാഹന നിർമ്മാണ കമ്പനികളുടെയും കേരള ഫയർ ഫോഴ്സിന്റെയും സഹകരണത്തോടെ സാങ്കേതിക, ആശയവിനിമയ, സുരക്ഷാ മേഖലകളിൽ സമഗ്രമായ ട്രെയിനിംഗ് നൽകും.
ആധുനിക സാങ്കേതിക വിദ്യയും പ്രൊഫഷണൽ പരിശീലനവും ഉൾപ്പെടുത്തി കെഎസ്ആർടിസിയെ കൂടുതൽ കാര്യക്ഷമവും സ്വയംപര്യാപ്തവുമായ ഗതാഗത സംവിധാനമായി മാറ്റാനാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
