കരീബിയൻ ദ്വീപ് രാഷ്ട്രമായ കൂറസാവോ 2026 ഫെഫാ ലോകകപ്പിലേക്ക് യോഗ്യത നേടി. 2025 നവംബർ 18-ന് കിങ്സ്റ്റണിൽ നടന്ന മത്സരത്തിൽ ജമൈക്കയ്ക്കെതിരെ ഗോൾരഹിത സമനില ഉറപ്പിച്ചതോടെയാണ് ലോകഫുട്ബോളിന്റെ ഏറ്റവും വലിയ വേദിയിലേക്കുള്ള പ്രവേശനം അവർ സാക്ഷാത്കരിച്ചത്. ലോകകപ്പ് യോഗ്യത നേടുന്ന ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ള രാജ്യമെന്ന റെക്കോർഡ് കൂറസാവോക്ക് സ്വന്തമായി; വെറും 1.56 ലക്ഷമാണ് ദ്വീപിന്റെ ജനസംഖ്യ.
കോൺകാക്കാഫ് മൂന്നാം റൗണ്ട് യോഗ്യതാ ഗ്രൂപ്പിൽ കൂറസാവോ അജേയരായി ഒന്നാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ആറ് മത്സരങ്ങളിൽ നിന്ന് അവർ 12 പോയിന്റ് നേടി, ഒരു പോയിന്റിൻ്റെ മുൻതൂക്കത്തിൽ ജമൈക്കയെ പിന്തള്ളിയാണ് ചരിത്ര നേട്ടം കൈവരിച്ചത്.
48 ടീമുകളുമായി ആദ്യമായി നടക്കുന്ന ലോകകപ്പിലേക്കാണ് കൂറസാവോ യോഗ്യത നേടുന്നത് എന്നതും ശ്രദ്ധേയമാണ്. പരിചയസമ്പന്നനായ ഡച്ച് പരിശീലകൻ ഡിക്ക് അഡ്വക്കാൽ ആണ് ടീമിനെ നയിച്ചിരുന്നത്.
കൂറസാവോയുടെ ഗ്രൂപ്പ് എതിരാളികൾ 2025 ഡിസംബർ 5-ന് വാഷിങ്ടൺ ഡി.സി-യിൽ നടക്കുന്ന ലോകകപ്പ് ഡ്രോയിലൂടെ അറിയാൻ സാധിക്കും.
