കോട്ടയം ജില്ലയിലെ മണര്‍കാട് ഐരാറ്റുനട ആലുമ്മൂട്ടില്‍ വീട്ടില്‍ ലിബു തോമസ് വര്‍ഗീസ് (45) ദമാമില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടു. ട്യൂഷനില്‍ പോയ മക്കളെ തിരികെ കൊണ്ടുവരുന്നതിനായി വാഹനമോടിച്ച് പോകുന്ന വഴിയിലായിരുന്നു ദാരുണ സംഭവം. ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വാഹനം വഴിയരികില്‍ നിര്‍ത്തി ഇറങ്ങിയ ലിബു കുഴഞ്ഞുവീഴുകയായിരുന്നു.
തുടര്‍ന്ന് അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കഴിഞ്ഞ പന്ത്രണ്ട് വര്‍ഷമായി ദമാമില്‍ പ്രവാസജീവിതം നയിച്ചുവരികയായിരുന്നു അദ്ദേഹം. ഹമദ് എസ് അല്‍ ഹവാസ് & പാര്‍ട്ണര്‍ കമ്പനിയില്‍ അക്കൗണ്ടന്റായി ജോലി ചെയ്തു വരികയായിരുന്നു.
ഭാര്യ മഞ്ജുഷ കിംഗ് ഫഹദ് ആശുപത്രിയില്‍ നഴ്സായാണ് ജോലി ചെയ്യുന്നത്. മക്കള്‍ ഏബല്‍, ഡാന്‍ എന്നിവര്‍ ദമാം ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂളിലെ വിദ്യാര്‍ത്ഥികളാണ്. ദമാമിലെ കലാ-സാംസ്കാരിക രംഗങ്ങളില്‍ സജീവ സാന്നിധ്യമായിരുന്ന ലിബു തോമസിന്റെ അകാലവിയോഗം സുഹൃത്തുക്കളെയും മലയാളി സമൂഹത്തെയും ദുഖത്തിലാഴ്ത്തി.
മൃതശരീരം നാട്ടിലെത്തിക്കുന്നതിനുള്ള നിയമനടപടികള്‍ സാമൂഹ്യപ്രവര്‍ത്തകന്‍ നാസ് വക്കത്തിന്റെയും വര്‍ഗീസ് പെരുമ്പാവൂരിന്റെയും നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്.
