You are currently viewing ഇതിഹാസ നടൻ ധർമേന്ദ്ര 89-ആം വയസിൽ അന്തരിച്ചു: സിനിമാലോകത്തിന് വലിയ നഷ്ടം

ഇതിഹാസ നടൻ ധർമേന്ദ്ര 89-ആം വയസിൽ അന്തരിച്ചു: സിനിമാലോകത്തിന് വലിയ നഷ്ടം

മുംബൈ: ഇന്ത്യൻ സിനിമയിലെ കരുത്തും കരിസ്മയും നിറഞ്ഞ സൂപ്പർസ്റ്റാർ, ബോളിവുഡിന്റെ “ഹീ-മാൻ” എന്നറിയപ്പെട്ടിരുന്ന ധർമേന്ദ്ര 89-ആം വയസിൽ അന്തരിച്ചു. ഏറെ നാളായി അസുഖബാധിതനായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില തുടർച്ചയായി വഷളാകുകയായിരുന്നു.  അദ്ദേഹത്തിൻറെ മരണം ആരാധകരെയും സഹപ്രവർത്തകരെയും ഒരുപോലെ ദുഃഖത്തിലാഴ്ത്തി.

ധർമേന്ദ്രയുടെ നിര്യാണം ഹിന്ദി സിനിമയിലെ ഒരു മഹത്തായ കാലഘട്ടത്തിന്റെ അവസാനമാണ്. ശോലേ, ചുപ്കെ ചുപ്കെ, ഫൂല്‍ ഔര്‍ പത്തര്‍ പോലുള്ള സിനിമകളിലെ അദ്ദേഹത്തിന്റെ അനശ്വര വേഷങ്ങൾ തലമുറകളെ രൂപപ്പെടുത്തിയതാണ്. ശക്തമായ ആക്ഷൻ കഥാപാത്രങ്ങളിൽ നിന്ന് സൗമ്യതയുള്ള കോമഡി വേഷങ്ങളിലേക്കും  അനായാസം മാറിയ അദ്ദേഹം, ഹൃദയസ്പർശിയായ പ്രകടനങ്ങളിലൂടെ കോടിക്കണക്കിന് പ്രേക്ഷകരുടെ മനസിൽ ഇടം നേടിയിരുന്നു. അദ്ദേഹത്തിന്റെ സാന്നിദ്ധ്യവും സൃഷ്ടികളും എന്നും ജീവിച്ചിരിക്കും.

1960ൽ ദിൽ ഭി തേരാ ഹും ഭി തേറെ എന്ന ചിത്രത്തിലൂടെയാണ് ധർമേന്ദ്ര ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. ആറു ദശാബ്ദത്തിലധികം നീണ്ടുനിന്ന അദ്ദേഹത്തിന്റെ കരിയറിൽ 300-ലധികം സിനിമകളുണ്ട്. ഹിന്ദി സിനിമയിലെ ഏറ്റവും കൂടുതൽ ഹിറ്റ് ചിത്രങ്ങളിൽ നായകനായാണ് ധർമേന്ദ്രയുടെ പേര് രേഖപ്പെടുത്തിയിട്ടുള്ളത്. 2024ൽ പുറത്തിറങ്ങിയ തേരി ബാതോൻ മേൻ ഐസാ ഉൽഝാ ജിയാ ആയിരുന്നു അദ്ദേഹത്തെ അവസാനമായി വെള്ളിത്തിരയിൽ കണ്ടത്.

സിനിമയിലെ സംഭാവനകൾക്ക് 2012ൽ പദ്മഭൂഷൺ ബഹുമതി ലഭിച്ചു. രാഷ്ട്രീയരംഗത്തും അദ്ദേഹം സജീവമായിരുന്നു. 2004 മുതൽ 2009 വരെ രാജസ്ഥാനിലെ ബിക്കാനെർ ലോകസഭ മണ്ഡലത്തിൽ ഭാരതീയ ജനതാ പാർട്ടിയുടെ പ്രതിനിധിയായി അദ്ദേഹം അവതരിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ധർമേന്ദ്രയുടെ നിര്യാണത്തിൽ ആഴത്തിലുള്ള അനുശോചനം രേഖപ്പെടുത്തി. ബോളിവുഡിലെ ഒരു യുഗത്തിന്റെ അവസാനം എന്നാണ് പ്രധാനമന്ത്രി തന്റെ സോഷ്യൽ മീഡിയ കുറിപ്പിൽ വ്യക്തമാക്കിയിരിക്കുന്നത്. ഓരോ വേഷവും ആഴത്തോടെയും ആകർഷണത്തോടെയും അവതരിപ്പിച്ച ഒരു വിസ്മയനടനായിരുന്നു ധർമേന്ദ്രയെന്ന് അദ്ദേഹം പറഞ്ഞു. വൈവിധ്യമാർന്ന കഥാപാത്രങ്ങളിലൂടെ എല്ലാ പ്രായത്തിലുള്ളവരുടെയും ഹൃദയത്തിൽ ഇടം നേടിയ വ്യക്തിയായിരുന്നു അദ്ദേഹം എന്നും മോദി കൂട്ടിച്ചേർത്തു. ധർമേന്ദ്രയുടെ ലാളിത്യം, വിനയം, സൗഹൃദപരമായ സ്വഭാവം എന്നിവയെയും പ്രധാനമന്ത്രി പ്രത്യേകിച്ച് സ്മരിച്ചു. കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ആരാധകർക്കും അദ്ദേഹം അനുശോചനം അറിയിച്ചു.
ധർമേന്ദ്രയുടെ വിടവാങ്ങൽ ഇന്ത്യൻ സിനിമയ്ക്ക് ഒരിക്കലും നിറയ്ക്കാനാകാത്തൊരു നഷ്ടമാണ്.

Leave a Reply