ബസ് ജീവനക്കാരായ ഡ്രൈവർമാർ, കണ്ടക്ടർമാർ, ക്ലീനർമാർ എന്നിവർ നിർബന്ധമായും പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് കരുതണം എന്ന് ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ വ്യക്തമാക്കി. ഇത് പാലിക്കാത്ത പക്ഷം കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
ബസ് ജീവനക്കാർ പ്രധാനപ്പെട്ട ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവർ ആയിരിക്കരുതെന്ന് മന്ത്രി അറിയിച്ചു. നിർദ്ദേശം ലംഘിക്കുന്നുവെങ്കിൽ ബന്ധപ്പെട്ട ബസുകളുടെ പെർമിറ്റ് പോലും റദ്ദാക്കേണ്ട സാഹചര്യമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യാത്രക്കാരുടെ, പ്രത്യേകിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായാണ് ഈ കർശനനടപടി. ബസുകളിൽ ക്യാമറകൾ സ്ഥാപിക്കണമെന്ന ഹൈക്കോടതി ഉത്തരവ് അനിവാര്യമായി പാലിക്കേണ്ടതുണ്ടെന്നും മന്ത്രി ഓർമ്മപ്പെടുത്തി.
കെഎസ്ആർടിസിയുടെ വിജയത്തിന് പിന്നിൽ ജീവനക്കാരുടെ കൃത്യനിഷ്ഠ, സുരക്ഷിതമായ സേവനം, നല്ല പെരുമാറ്റം എന്നിവയാണ് കാരണമെന്ന് ഗണേഷ് കുമാർ പറഞ്ഞു.
