വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് അനുസരിച്ച്, ഫേസ്ബുക്ക് മാതൃസ്ഥാപനമായ മെറ്റ വീണ്ടും ജീവനക്കാരെ വെട്ടിക്കുറയ്ക്കാൻ പദ്ധതിയിടുന്നു. പുനഃസംഘടനയും ജീവനക്കാരുടെ എണ്ണം കുറക്കലും ആയിരക്കണക്കിന് തൊഴിലാളികളെ ബാധിക്കാൻ സാധ്യതയുണ്ട്.
ഹ്യൂമൻ റിസോഴ്സ്, അഭിഭാഷകർ, സാമ്പത്തിക വിദഗ്ധർ, ഉന്നത എക്സിക്യൂട്ടീവുകൾ എന്നിവരോട് കമ്പനിയുടെ അധികാരശ്രേണി കുറയ്ക്കുന്നതിനുള്ള പദ്ധതികൾ തയ്യാറാക്കാൻ മാനേജ്മെൻ്റ് ആവശ്യപ്പെട്ടതായി റിപ്പോർട്ട് ഉണ്ട്.ഇത് കൂടാതെ ചില ജീവനക്കാരെ താഴ്ന്ന തലത്തിലുള്ള പോസ്റ്റുകളിലേക്ക് മാറ്റുവാൻ കമ്പനി പദ്ധതിയിടുന്നതായും അറിയുന്നു.
പാൻഡെമിക് സമയത്ത് സോഷ്യൽ മീഡിയ ഉപയോഗത്തിലെ വൻ വർദ്ധനവ് നേരിടാൻ കമ്പനി ആളുകളെ ധാരാളം നിയമിച്ചിരുന്നു. എന്നാൽ, കുതിച്ചുയരുന്ന ചെലവുകളും അതിവേഗം ഉയരുന്ന പലിശനിരക്കുകളും കണക്കിലെടുത്ത് പരസ്യദാതാക്കളും ഉപഭോക്താക്കളും ചെലവ് ചുരുക്കിയതിനാൽ 2022-ൽ ബിസിനസ്സ് തകർന്നു.
കുതിച്ചുയരുന്ന ചെലവുകളും മോശപെട്ട പരസ്യ വിപണിയും കാരണം തങ്ങളുടെ 13% തൊഴിലാളികളെ അല്ലെങ്കിൽ 11,000-ത്തിലധികം ജീവനക്കാരെ കഴിഞ്ഞ വർഷം മെറ്റ പിരിച്ച് വിട്ടിരുന്നു