ഇരു രാജ്യങ്ങളും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ ദുരുപയോഗം ചെയ്ത് കൊറിയൻ വാഹന കമ്പനികളായ ഹ്യൂണ്ടായ്, കിയ ഇന്ത്യക്ക് ബില്യൺ കണക്കിനു ഡോളറിന്റെ വ്യാപാര കമ്മി മൂലമുള്ള നഷ്ടമുണ്ടാക്കിയെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു.
സ്വതന്ത്ര വ്യാപാര കരാർ ഈ കമ്പനികളെ നിയന്ത്രണങ്ങളില്ലാതെ ഇറക്കുമതി ചെയ്യാൻ അനുവദിക്കുന്നുവെന്ന് ഏഷ്യാ ഇക്കണോമിക് ഡയലോഗിൽ സംസാരിക്കവെ ഗോയൽ പറഞ്ഞു.
“കൊറിയൻ വാഹന വ്യവസായം പൊതുവെ പിന്നിലാണ്, എങ്കിലും നമുക്ക് കൊറിയയുമായും ജപ്പാനുമായും ഉള്ള സ്വതന്ത്ര-വ്യാപാര കരാറിന്റെ ഗുണങ്ങൾ
ഹ്യുണ്ടായ്, കിയ കമ്പനികൾ അനുഭവിക്കുകയും നിയന്ത്രണങ്ങളില്ലാതെ ഇറക്കുമതി തുടരുകയും ചെയ്യുന്നു,” ഗോയൽ പറഞ്ഞു.
അര അല്ലെങ്കിൽ ഒരു ബില്യൺ ഡോളറിൻ്റെ നിക്ഷേപത്തിനു പകരം ബില്യൺ കണക്കിനു ഡോളറിന്റെ നഷ്ട്ടം വ്യാപാര കമ്മിയിലുടെ കൊറിയയും മറ്റു രാജ്യങ്ങളുമായുള്ള വ്യാപാരത്തിൽ ഇന്ത്യക്ക് സംഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“നമ്മുടെ ഉൽപ്പന്നങ്ങൾക്കായി അവരുടെ വിപണി തുറക്കുന്നതിനെക്കുറിച്ച് കൊറിയയോട് സംസാരിച്ചു, പക്ഷേ വ്യത്യാസം എന്തെന്നാൽ ഇന്ത്യയിൽ നിന്ന് കൊറിയയിലേക്കുള്ള സ്റ്റീൽ കയറ്റുമതി കൊറിയ നിർത്തില്ല, ജപ്പാനും നിർത്തുന്നില്ല, പക്ഷേ നമ്മൾക്ക് വിൽക്കാൻ കഴിയില്ല. കാരണം രണ്ട് രാജ്യങ്ങളിലും ടൺ കണക്കിന് സ്റ്റീൽ ഉണ്ട്, കൂടാതെ അവർക്ക് ഒരു സ്വദേശി മനോഭാവമുണ്ട് ,അത് നിർഭാഗ്യവശാൽ നമ്മൾക്ക് കുറവാണ്, ”അദ്ദേഹം പറഞ്ഞു.
ഔദ്യോഗിക കണക്കുകൾ പ്രകാരം, കൊവിഡ് കാലത്ത് പോലും ഇന്ത്യക്ക് കൊറിയയുമായിട്ടുള്ള വ്യാപാര കമ്മി വളരെ ഉയർന്നതായിരുന്നു. 12.15 ബില്യൺ ഡോളറിന്റെ ഇറക്കുമതിയുമായി താരതമ്യം ചെയ്യുമ്പോൾ 2020-ൽ കൊറിയയിലേക്ക് 4.49 ബില്യൺ ഡോളറിന്റെ ചരക്കുകൾ ഇന്ത്യ കയറ്റുമതി ചെയ്തു. 2021-ൽ, കൊറിയയിലേക്കുള്ള ഇന്ത്യയുടെ ചരക്ക് കയറ്റുമതി 7.09 ബില്യൺ ഡോളറായിരുന്നു, ഇതെ സമയം ഇന്ത്യ കൊറിയയിൽ നിന്ന് 17.08 ബില്യൺ ഡോളറിന്റെ ഇറക്കുമതി നടത്തി