യുവ ചലച്ചിത്ര സംവിധായകൻ മനു ജെയിംസ് ഹെപ്പറ്റൈറ്റിസ് ബാധിച്ച് മരിച്ചു.
തന്റെ ആദ്യ ചിത്രമായ ‘നാൻസി റാണി’യുടെ റിലീസിനായി ഒരുങ്ങിക്കൊണ്ടിരിക്കുന്നിടയിൽ ആണ് ഫെബ്രുവരി 24 ന് ആലുവയിലെ ആശുപത്രിയിൽ വച്ച് മരണം സംബവിക്കുന്നത്.ഹെപ്പറ്റൈറ്റിസ് ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 31 വയസ്സായിരുന്നു പ്രായം
ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന് മുമ്പ് മനു തന്റെ ആദ്യ ചിത്രമായ നാൻസി റാണിയുടെ നിർമ്മാണവുമായി ബന്ധപെട്ട് പ്രവർത്തിക്കുകയായിരുന്നു. അഹാന കൃഷ്ണയും അർജുൻ അശോകനും പ്രധാന വേഷങ്ങളിൽ എത്തിയ ഈ ചിത്രം പോസ്റ്റ്-പ്രൊഡക്ഷനിൽ അവസാന ഘട്ടത്തിലായിരുന്നു.
‘ നാൻസി റാണി’ യിൽ അഹാന കൃഷ്ണ, അർജുൻ അശോകൻ എന്നിവരെ കൂടാതെ, മുതിർന്ന നടൻ ശ്രീനിവാസൻ, ലാൽ, അർജു വർഗീസ്, ലെന എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
സാബു ജെയിംസ് സംവിധാനം ചെയ്ത ഐ ആം ക്യൂരിയസ് (2004) എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് മനു സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. തുടർന്ന് മലയാളം, കന്നഡ തുടങ്ങി നിരവധി ഭാഷകളിൽ ചലച്ചിത്ര സഹസംവിധായകനായി.
ഫെബ്രുവരി 26 ഞായറാഴ്ച കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്‌കോപ്പൽ മാർത്ത് മറിയം ആർച്ച്‌ഡീക്കൻ പള്ളിയിൽ വെച്ചായിരുന്നു അന്ത്യകർമങ്ങൾ.
കുമിളിനാട് ചിരത്തിടത്ത് ജെയിംസ് ജോസിന്റെയും ഏറ്റുമാനൂർ പ്ലാത്തോട്ടം സ്വദേശി സിസിലി ജെയിംസിന്റെയും മകനാണ് ജെയിംസ്. ഭാര്യ: നൈന മനു. സഹോദരങ്ങൾ: മിന്ന ജെയിംസ്, ഫിലിപ്സ് ജെയിംസ്