രാജ്യത്ത് കടുവകളുടെ എണ്ണം വീണ്ടും വർദ്ധിച്ചു. 2022 ലെ കണക്കനുസരിച്ച് ഇപ്പോൾ 3,167 ഇന്ത്യയൽ കടുവകളുണ്ട്. ഇന്ത്യയുടെ കടുവ സെൻസസിന്റെ അഞ്ചാം സൈക്കിളിന്റെ കണക്കുകൾ പ്രധാന മന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച പുറത്തുവിട്ടു. 2018 ലെ കടുവ സെൻസസ്, 2019 ജൂലൈയിൽ പ്രസിദ്ധീകരിച്ചിരിന്നു. ഇന്ത്യയിൽ 2,967 കടുവകളുടെ സാന്നിധ്യം അന്ന് കണ്ടെത്തിയിരുന്നു.
കഴിഞ്ഞ നാല് വർഷത്തിനിടെ രാജ്യത്തെ കടവുകളുടെ ജനസംഖ്യ 200 അല്ലെങ്കിൽ 6.7 ശതമാനം വർദ്ധിച്ചു.
2006ൽ രാജ്യത്ത് കടുവകളുടെ എണ്ണം 1,411 ആയിരുന്നെങ്കിൽ 2010ൽ 1,706 ഉം 2014ലെ മൂല്യനിർണയത്തിൽ 2,226 ആയും വർധിച്ചു.
കർണാടകയിലെ മൈസൂരിൽ ഇന്റർനാഷണൽ ബിഗ് ക്യാറ്റ് അലയൻസ് ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് പ്രധാനമന്ത്രി കടുവ സെൻസസ് പുറത്തുവിട്ടത്.
പ്രോജക്ട് ടൈഗർ എന്ന പദ്ധതിയുടെ 50-ാം വാർഷികത്തോടനുബന്ധിച്ചാണ് രാജ്യത്ത് ഇത്തരത്തിലുള്ള ആദ്യ പരിപാടി സംഘടിപ്പിക്കുന്നത്. മൂന്ന് ദിവസത്തെ കോൺഫറൻസ് ലോകത്തിലെ മാർജ്ജാര വംശത്തിലെ
ഏഴ് ഇനങ്ങളുടെ സംരക്ഷണം കേന്ദ്രീകരിക്കും – കടുവകൾ, സിംഹങ്ങൾ, പുള്ളിപ്പുലികൾ, ഹിമപ്പുലികൾ, പൂമകൾ, ജാഗ്വറുകൾ, ചീറ്റകൾ എന്നിവയാണ് ഇവ.
2019ൽ, ഏഷ്യയിലെ വേട്ടയാടലിനും അനധികൃത വന്യജീവി വ്യാപാരത്തിനുമെതിരെ ആഗോള തല സഖ്യത്തിന് മോദി ആഹ്വാനം ചെയ്തിരുന്നു.
സമ്മേളനം ആരംഭിക്കുന്നതിന് മുമ്പ് ബന്ദിപ്പൂർ കടുവാ സങ്കേതവും മുതുമല കടുവാ സങ്കേതത്തിലെ തെപ്പക്കാട് ആന ക്യാമ്പും പ്രധാനമന്ത്രി സന്ദർശിച്ചു.
‘പ്രോജക്ട് ടൈഗർ 50 വർഷമായി. പ്രോജക്ട് ടൈഗറിന്റെ വിജയം ഇന്ത്യയുടെ മാത്രമല്ല, ലോകത്തിനാകെ നേട്ടമാണ്. ഇന്ത്യ കടുവയെ രക്ഷിക്കുക മാത്രമല്ല, അതിന് തഴച്ചുവളരാനുള്ള ഒരു വലിയ ആവാസവ്യവസ്ഥയും നൽകിയിട്ടുണ്ട്. സ്വാതന്ത്ര്യത്തിന്റെ 75 വർഷം പൂർത്തിയാക്കുന്ന വേളയിൽ, അത് ഏറെക്കുറെ സന്തോഷമുള്ള കാര്യമാണ്.
ലോകത്തിലെ കടുവകളുടെ ജനസംഖ്യയുടെ 75 ശതമാനവും ഇപ്പോൾ ഇന്ത്യയിലും 75,000 ചതുരശ്ര കിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന കടുവ സംരക്ഷണ കേന്ദ്രങ്ങളിലുമാണ്. എല്ലാവരുടെയും പരിശ്രമം കൊണ്ടാണ് ഇത് സാധ്യമായത്,’ അന്താരാഷ്ട്ര സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
ലോകത്ത് ഏറ്റവുമധികം ഏഷ്യൻ ആനകളും ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങളുമുള്ള രാജ്യമാണ് ഇന്ത്യ, കൂടാതെ ഏഷ്യൻ സിംഹം ഉള്ള ഏക രാജ്യവും. സിംഹങ്ങൾ, പുള്ളിപ്പുലികൾ, ആനകൾ, ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങൾ എന്നിവയുടെ ജനസംഖ്യയും വർധിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പരാമർശിച്ചു.
‘ആഗോള ഭൂവിസ്തൃതിയുടെ 2.4 ശതമാനം മാത്രമുള്ള ഇന്ത്യ വന്യജീവി വൈവിധ്യത്തിന്റെ 8 ശതമാനം സംഭാവന ചെയ്യുന്നു. ലോകത്തിലെ ഏറ്റവും അധികം കടുവകൾ ഉള്ള രാജ്യമാണ് ഇന്ത്യ. ഏകദേശം 30,000 ആനകളുമുണ്ട്,’ അദ്ദേഹം പറഞ്ഞു, ഒറ്റക്കൊമ്പുള്ള കാണ്ടാമൃഗങ്ങളുടെ ജനസംഖ്യയും ഏറ്റവും ഉയർന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
വിവിധ സംരക്ഷണ ശ്രമങ്ങൾ കാരണം, ഏഷ്യാറ്റിക് സിംഹങ്ങളുടെ എണ്ണം 2015-ൽ 525-ൽ നിന്ന് 2020-ൽ 675 ആയി വർദ്ധിച്ചു, അതേസമയം വെറും നാല് വർഷത്തിനുള്ളിൽ പുള്ളിപ്പുലികളുടെ എണ്ണം 60 ശതമാനം വർദ്ധിച്ചു. വംശനാശഭീഷണി നേരിടുന്ന ചില ജലജീവികളുടെ ജനസംഖ്യയെ പുനരുജ്ജീവിപ്പിക്കാൻ ഗംഗയുടെ ദേശീയ മിഷൻ സഹായിച്ചിട്ടുണ്ട്. ജനങ്ങളുടെ പങ്കാളിത്തവും സംരക്ഷണ സംസ്കാരവുമാണ് ഇതിന് കാരണം, മോദി പറഞ്ഞു.
വന്യജീവി സംരക്ഷണം ഒരു രാജ്യത്തിന്റെ ഉത്തരവാദിത്തമല്ല, മറിച്ച് ലോകത്തിന്റെ മുഴുവൻ ഉത്തരവാദിത്തമാണ് – അതുകൊണ്ടാണ് ഒരു അന്താരാഷ്ട്ര സഖ്യം വളരെ പ്രധാനമായത്,” അന്താരാഷ്ട്ര സമ്മേളനം മികച്ച പ്രവർത്തനങ്ങളുടെ കൈമാറ്റം ഉറപ്പാക്കുമെന്നും സാമ്പത്തിക, സാങ്കേതിക വിഭവങ്ങൾ. ഗവേഷണം, പരിശീലനം, ശേഷി വർദ്ധിപ്പിക്കൽ എന്നിവയ്ക്ക് ഊന്നൽ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.