ഇന്ത്യയിലെ ആദ്യത്തെ ആപ്പിൾ സ്റ്റോർ തുറന്നു. മണിക്കൂറുകളോളം കാത്തിരുന്ന ആരാധകർക്കായി ആപ്പിൾ സിഇഒ ടിം കുക്ക് ഇന്ന് രാവിലെ മുംബൈയിലെ 28,000 ചതുരശ്ര അടി വിസ്തൃതിയുള്ള സ്റ്റോറിന്റെ ഗേറ്റ് തുറന്നുകൊടുത്തു.
ബാന്ദ്ര കുർള കോപ്ലക്സിലെ ജിയോ വേൾഡ് ഡ്രൈവ് മാളിലാണ് ആപ്പിൾ സ്റ്റോർ ആരംഭിച്ചത്.
ആപ്പിളിന്റെ ഇന്ത്യയിലെ രണ്ടാമത്തെ റീട്ടെയിൽ സ്റ്റോർ വ്യാഴാഴ്ച ദേശീയ തലസ്ഥാനമായ ഡൽഹിയിൽ തുറക്കും.
“മുംബൈയിലെ ഊർജ്ജവും സർഗ്ഗാത്മകതയും അഭിനിവേശവും അവിശ്വസനീയമാണ്! ഇന്ത്യയിലെ ഞങ്ങളുടെ ആദ്യത്തെ സ്റ്റോർ തുറക്കുന്നതിൽ ഞങ്ങൾ വളരെ ആവേശത്തിലാണ്,” ടിം കുക്ക് പറഞ്ഞു.
ഉൽപ്പന്ന വിൽപ്പന, സേവനങ്ങൾ, ആക്‌സസറികൾ എന്നിവയ്‌ക്കായി ഒരു ഏകജാലക ലക്ഷ്യസ്ഥാനമായി പ്രവർത്തിച്ചുകൊണ്ട് ഉപഭോക്താക്കൾക്ക് മികച്ച അനുഭവം പ്രദാനം ചെയ്യുന്നതാണ് ആപ്പിൾ സ്റ്റോർ ലക്ഷ്യമിടുന്നത്.
ഇന്ത്യയിൽ ആപ്പിളിന്റെ രണ്ട് റീട്ടെയിൽ സ്റ്റോറുകൾ തുറന്നത് പൊതുജനങ്ങളിൽ വലിയ ആവേശം സൃഷ്ടിച്ചു, പ്രത്യേകിച്ച് ആപ്പിളിൻ്റെ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നവർക്കിടയിൽ. സ്റ്റോറിന്റെ ഉദ്ഘാടനത്തിൽ പങ്കെടുക്കാൻ വിദൂര സംസ്ഥാനങ്ങളിൽ നിന്ന് ആളുകൾ യാത്ര ചെയ്ത് മുംബൈയിൽ എത്തി.ക്യൂവിൽ കാത്തുനിന്നവരിൽ പലരും ഇന്നലെ വൈകുന്നേരം മുതൽ കാത്തുനിൽക്കുകയാണെന്ന് പറഞ്ഞു.
ഇന്ത്യയിൽ റീട്ടെയിൽ സ്റ്റോറുകൾ തുറക്കുന്നത് ആപ്പിളിന്റെ ഭാവിയിലെ പദ്ധതികൾക്ക് അടിവരയിടുന്നു. ചൈനീസ്, ദക്ഷിണ കൊറിയൻ നിർമ്മാതാക്കൾ ആധിപത്യം പുലർത്തുന്ന ഇന്ത്യയിലെ വലിയ സ്മാർട്ട്‌ഫോൺ വിപണിയിൽ ആപ്പിളിന് നിലവിൽ ഏകദേശം 4 ശതമാനം വിഹിതമുണ്ട്, പ്രാഥമികമായി അതിന്റെ ഉൽപ്പന്നങ്ങളുടെ ഉയർന്ന വിലയാണ് ഇതിന് കാരണം. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മൊബൈൽ ഫോൺ വിപണിയിൽ റീട്ടെയ്ൽ മുന്നേറ്റത്തിലാണ് കമ്പനി ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇതിൻ്റെ ഭാഗമായി അവർ പ്രാദേശിക നിർമ്മാണ സംവിധാനങ്ങൾ വിപുലീകരിക്കാനും തുടങ്ങി.
യുഎസും ബീജിംഗും തമ്മിലുള്ള ബന്ധം വഷളായിരിക്കുന്ന സമയത്ത് ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ആപ്പിളിന്റെ ഒരു പ്രധാന വിപണി എന്ന നിലയിൽ ഇന്ത്യയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ഡൽഹി സന്ദർശന വേളയിൽ കുക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇന്ത്യയ്‌ക്കായുള്ള ആപ്പിളിൻ്റെ പദ്ധതിയെക്കുറിച്ചും സർക്കാരിൻ്റെ പിന്തുണയെക്കുറിച്ചും കൂടിക്കാഴ്ചയിൽ ചർച്ചകൾ നടന്നേക്കും.