കേരളത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 20 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യമായി അതിവേഗ ഇന്റർനെറ്റ് സൗകര്യവും മറ്റുള്ളവർക്ക് മിതമായ നിരക്കിലും നൽകുന്ന കെ-ഫോൺ പദ്ധതി ജൂൺ അഞ്ചിന് ഉദ്ഘാടനം ചെയ്യും.
പദ്ധതിയിലൂടെ പാവപ്പെട്ടവർക്ക് സൗജന്യ ഇന്റർനെറ്റും മറ്റുള്ളവർക്ക് മിതമായ നിരക്കിൽ കണക്ടിവിറ്റിയും നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
സമൂഹത്തിലെ ‘ഡിജിറ്റൽ വിഭജനം’ മറികടക്കാനുള്ള സേവനമായാണ് കെ-ഫോണിനെ പിണറായി അവതരിപ്പിച്ചത്.
നിലവിൽ 18,000 സർക്കാർ ഓഫീസുകളിൽ കെ-ഫോൺ സജ്ജീകരിച്ചിട്ടുണ്ടെന്നും പിണറായി പറഞ്ഞു.
7,000 വീടുകളിൽ ഇന്റർനെറ്റ് ലഭ്യമാക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ തയ്യാറായതായി പിണറായി പറഞ്ഞു. 748 വീടുകൾക്ക് കണക്ഷൻ നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ സ്വന്തം ഇന്റർനെറ്റാണ് കെ-ഫോൺ.
സംസ്ഥാനത്തെ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ ശക്തവും കാര്യക്ഷമവുമാക്കാനും ഇ-ഗവേണൻസ് സാർവത്രികമാക്കാനും പദ്ധതി സഹായിക്കുമെന്നും പിണറായി വിജയൻ പറഞ്ഞു.
ഇന്റർനെറ്റ് പൗരന്റെ മൗലികാവകാശമായി പ്രഖ്യാപിച്ച ആദ്യ സംസ്ഥാനമാണ് കേരളം. ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (BEL) ഉൾപ്പെടെയുള്ള പൊതുമേഖലാ കമ്പനികളുടെ കൺസോർഷ്യമാണ് പദ്ധതി നടപ്പാക്കുന്നത്.