ലോക പുകയില വിരുദ്ധ ദിനത്തിൽ, ഒടിടി പ്ലാറ്റ്‌ഫോമുകളിൽ പുകയില വിരുദ്ധ മുന്നറിയിപ്പുകൾക്കായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. നിയമങ്ങൾ പാലിക്കാതിരുന്നാൽ കർശനമായ നടപടികൾ ഉണ്ടാവും.
പുതിയ അറിയിപ്പ് അനുസരിച്ച്, പുകവലി രംഗങ്ങളുള്ള എല്ലാ വെബ് സീരീസുകളും സിനിമകളും തുടക്കത്തിൽ തന്നെ മാത്രമല്ല, പ്രസക്തമായ സീനുകളിലും പുകയില വിരുദ്ധ മുന്നറിയിപ്പുകൾ കാണിക്കേണ്ടതുണ്ട്.
“പുകയില ഉൽപന്നങ്ങളോ അവയുടെ ഉപയോഗമോ പ്രദർശിപ്പിക്കുന്ന ക്യൂറേറ്റ് ചെയ്ത ഓൺലൈൻ ഉള്ളടക്കത്തിന്റെ പ്രസാധകർ പ്രോഗ്രാമിന്റെ തുടക്കത്തിലും മധ്യത്തിലും കുറഞ്ഞത് മുപ്പത് സെക്കൻഡ് വീതം പുകയില വിരുദ്ധ ഹെൽത്ത് സ്പോട്ടുകൾ പ്രദർശിപ്പിക്കണം,” ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഒടിടി പ്ലാറ്റ്‌ഫോമുകൾ പുകയില ഉൽപന്നങ്ങൾ പ്രദർശിപ്പിക്കുന്ന സമയത്തോ പ്രോഗ്രാമിൽ അവ ഉപയോഗിക്കുന്ന സമയത്തോ സ്‌ക്രീനിന്റെ അടിയിൽ ഒരു പ്രമുഖ സ്റ്റാറ്റിക് സന്ദേശമായി പുകയില വിരുദ്ധ ആരോഗ്യ മുന്നറിയിപ്പുകൾ പ്രദർശിപ്പിക്കേണ്ടതുണ്ട്.
പുകയില ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ചുള്ള ഒരു ഓഡിയോ-വിഷ്വൽ മുന്നറിയിപ്പ്, ഓരോന്നും കുറഞ്ഞത് ഇരുപത് സെക്കൻഡ് ദൈർഘ്യമുള്ള, പ്രോഗ്രാമിന്റെ തുടക്കത്തിലും മധ്യത്തിലും കാണിക്കണ്ടത് ഒടിടി പ്ലാറ്റ്‌ഫോമുകൾക്ക് നിർബന്ധമാണ്, അറിയിപ്പ് പറയുന്നു.
പുകയില വിരുദ്ധ ആരോഗ്യ മുന്നറിയിപ്പ് സന്ദേശം, വെളുത്ത പശ്ചാത്തലത്തിൽ കറുത്ത നിറത്തിലുള്ള ഫോണ്ടോടുകൂടിയതും ‘പുകയില കാൻസറിന് കാരണമാകുന്നു’ അല്ലെങ്കിൽ ‘പുകയില കൊല്ലുന്നു’ എന്ന മുന്നറിയിപ്പുകളോടുകൂടിയതും വായിക്കാവുന്നതുമായിരിക്കണം, വിജ്ഞാപനത്തിൽ പറയുന്നു.
“ഓൺലൈൻ ക്യൂറേറ്റ് ചെയ്ത ഉള്ളടക്കത്തിന്റെ പ്രസാധകർ നിയമങ്ങളിലെ വ്യവസ്ഥകൾ പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ, ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം, ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം, ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം എന്നിവയുടെ പ്രതിനിധികൾ ഉൾപ്പെടുന്ന ഒരു ഇന്റർ മിനിസ്റ്റീരിയൽ കമ്മിറ്റി സ്വമേധയാ അല്ലെങ്കിൽ പരാതിയിൽ നടപടി എടുക്കും,കൂടാതെ ഓൺലൈൻ ക്യൂറേറ്റ് ചെയ്ത ഉള്ളടക്കത്തിന്റെ പ്രസാധകനെ തിരിച്ചറിഞ്ഞ ശേഷം, അത്തരം വീഴ്ച്ച വിശദീകരിക്കാനും ഉള്ളടക്കത്തിൽ ഉചിതമായ പരിഷ്‌ക്കരണം നടത്താനും ന്യായമായ അവസരം നൽകിക്കൊണ്ട് അറിയിപ്പ് നൽകും,” വിജ്ഞാപനത്തിൽ പറയുന്നു.
സമീപകാല കണക്കുകൾ പ്രകാരം, പുകയിലയുടെ ഏറ്റവും വലിയ രണ്ടാമത്തെ ഉപഭോക്താവും ഉത്പാദകരുമാണ് ഇന്ത്യ. ലോകമെമ്പാടുമുള്ള 80 ലക്ഷം മരണങ്ങളിൽ 13.5 ലക്ഷം ഇന്ത്യക്കാരാണ്.