ബാഴ്‌സലോണയിലേക്ക് മടങ്ങാൻ തന്റെ മകന് ശക്തമായ ആഗ്രഹമുണ്ടെന്ന് ലയണൽ മെസ്സിയുടെ പിതാവും ഏജന്റുമായ ജോർജ്ജ് മെസ്സി തിങ്കളാഴ്ച വെളിപ്പെടുത്തി.
പിഎസ്ജി-യിലെ രണ്ട് സീസണുകൾക്ക് ശേഷം കരാർ അവസാനിച്ചതിനാൽ അർജന്റീനിയൻ ക്യാപ്റ്റൻ നിലവിൽ വിവിധ ഓഫറുകൾ വിലയിരുത്തുകയാണ്.
തിങ്കളാഴ്ച രാവിലെ ബാഴ്‌സലോണ പ്രസിഡന്റ് ജോവാൻ ലാപോർട്ടയുടെ വസതിയിൽ ജോർജ്ജ് മെസ്സി പ്രവേശിക്കുന്നത് കണ്ടെങ്കിലും ഒരു കൂടിക്കാഴ്ച്ച അദ്ദേഹം നിഷേധിച്ചു. എന്നിരുന്നാലും, അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു, “തീർച്ചയായും, ലയണൽ ബാഴ്‌സലോണയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നു. ഞാനും അതേ വികാരം പങ്കിടുന്നു. നമുക്ക് കാണാം.”
ബാഴ്‌സലോണയ്ക്ക് സാമ്പത്തിക ഇടപാടുകൾ നടത്താൻ ലാലിഗയിൽ നിന്ന് ഈ ആഴ്‌ച അംഗീകാരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് മെസ്സിയുമായി വീണ്ടും കരാർ ഒപ്പ് വയ്ക്കുന്നതുൾപ്പടെയുള്ള നടപടികൾ ആരംഭിക്കാൻ അവർക്ക് അവസരം നല്കും
മെസ്സിയുടെ തിരിച്ചുവരവിനുള്ള സാമ്പത്തിക ക്രമീകരണങ്ങളെ കുറിച്ച് ലാപോർട്ടയുമായി ചർച്ച ചെയ്യുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ, ജോർജ്ജ് മെസ്സി അഭിപ്രായപ്പെട്ടു, “ഞങ്ങൾ കഴിഞ്ഞ ദിവസം സംസാരിച്ചു, പക്ഷേ പ്രത്യേകിച്ച് ഒന്നും തീരുമാനിച്ചില്ല.”
ബാഴ്‌സലോണ കോച്ച് സാവി ഹെർണാണ്ടസ് തന്റെ ഭാവി ക്ലബ്ബിനെക്കുറിച്ച് മെസ്സി ഈ ആഴ്‌ചയ്‌ക്കുള്ളിൽ തീരുമാനമെടുക്കുമെന്നും അദ്ദേഹത്തിന്റെ തിരിച്ചുവരവിനായി “വാതിലുകൾ തുറന്നിരിക്കുന്നു” എന്നും പറഞ്ഞു.
ശനിയാഴ്ച, മെസ്സി പിഎസ്ജിക്ക് വേണ്ടി തന്റെ അവസാന മത്സരം കളിച്ചു.
ഈ സീസണിലുടനീളം, അർജന്റീന ഫോർവേഡ് 21 ഗോളുകളും 20 അസിസ്റ്റുകളും പിഎസ്‌ജിക്കായി സംഭാവന ചെയ്തിട്ടുണ്ട്.
ഏപ്രിലിൽ, മെസ്സി സൗദി അറേബ്യൻ ക്ലബ്ബായ അൽ ഹിലാലിൽ നിന്ന് ഓഫർ പരിഗണിക്കുന്നതായി റിപ്പോർട്ട് ഉണ്ടായിരിന്നു.
മേജർ ലീഗ് സോക്കർ ടീമായ ഇന്റർ മിയാമി സിഎഫ് ആണ് മെസ്സിയോട് താൽപ്പര്യമുള്ള മറ്റൊരു കക്ഷി.
21 വർഷം ബാഴ്‌സലോണയിൽ ചിലവഴിക്കുകയും ക്ലബ്ബിനെ 35 ട്രോഫികൾ സ്വന്തമാക്കാൻ സഹായിക്കുകയും ചെയ്ത മെസ്സി ബാഴ്‌സലോണയുടെ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് 2021 ഓഗസ്റ്റിൽ പിഎസ്ജിയിലേക്ക് മാറി.