You are currently viewing കൊച്ചിൻ ഹാർബർ ആധുനികവൽക്കരണ പദ്ധതി 2024 മാർച്ചിൽ പൂർത്തിയാകും: കേന്ദ്ര മന്ത്രി പർഷോത്തം രൂപാല

കൊച്ചിൻ ഹാർബർ ആധുനികവൽക്കരണ പദ്ധതി 2024 മാർച്ചിൽ പൂർത്തിയാകും: കേന്ദ്ര മന്ത്രി പർഷോത്തം രൂപാല

തോപ്പുംപടിയിലെ കൊച്ചിൻ ഫിഷറീസ് ഹാർബറിന്റെ നവീകരണം 2024 മാർച്ചോടെ പൂർത്തിയാകുമെന്ന് കേന്ദ്ര ഫിഷറീസ് മന്ത്രി പർഷോത്തം രൂപാല അറിയിച്ചു. പദ്ധതി സമയബന്ധിതമായി പൂർത്തീകരിക്കാൻ കൊച്ചിൻ തുറമുഖ അതോറിറ്റിക്ക് നിർദേശം അദ്ദേഹം നൽകി.  167.17 കോടിയാണ് ബജറ്റ്.  വില്ലിംഗ്ഡൺ ഐലൻഡിലെ സാമുദ്രിക ഹാളിൽ നടന്ന ശിലാസ്ഥാപന ചടങ്ങിൽ സംസാരിക്കവെയാണ് പദ്ധതിയുടെ വിജയത്തിന് പൂർണ പിന്തുണയുണ്ടെന്ന് മന്ത്രി അറിയിച്ചത്.

“എയർകണ്ടീഷൻ ചെയ്ത ലേല ഹാൾ ഉൾപ്പെടെയുള്ള നവീകരിച്ച സൗകര്യങ്ങൾ മത്സ്യത്തൊഴിലാളികൾക്ക് ഏറെ പ്രയോജനം ചെയ്യുകയും അവർക്ക്  ആശ്വാസം നൽകുകയും ചെയ്യും.  മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ വരുമാനം വർധിപ്പിക്കുന്നതിന് പുതിയ തുറമുഖം സംഭാവന ചെയ്യുന്നുവെന്ന് ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. വ്യക്തമായ കാഴ്ചപ്പാടോടെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മത്സ്യത്തൊഴിലാളികൾക്കായി വിവിധ ക്ഷേമ പദ്ധതികൾ നടപ്പാക്കുന്നുണ്ട്, തീരദേശ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിലൂടെ ഉൽപ്പാദനക്ഷമത വർധിപ്പിക്കുന്നു, ആത്യന്തികമായി ഭക്ഷ്യസുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യം”മന്ത്രി പറഞ്ഞു

കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രി സർബാനന്ദ സോനോവാൾ യോഗത്തെ അഭിസംബോധന ചെയ്തു.  എറണാകുളം എംപി ഹൈബി ഈഡൻ, രാജ്യസഭാംഗം ബിനോയ് വിശ്വം, കൊച്ചി എംഎൽഎ കെ ജെ മാക്സി, എറണാകുളം എംഎൽഎ ടിജെ വിനോദ്  എന്നിവർ ചടങ്ങിൽ പങ്കെടുത്തു. 

എറണാകുളം എംപി ഹൈബി ഈഡന്റെയും മത്സ്യത്തൊഴിലാളി സമൂഹത്തിലെ നേതാക്കളുടെയും അഭ്യർത്ഥനയ്ക്ക് മറുപടിയായി, ഹാർബറിന്റെ പ്രവർത്തനം തടസ്സപ്പെടുത്തുന്നത് ഒഴിവാക്കാൻ ഘട്ടം ഘട്ടമായി നിർമാണം നടത്തുമെന്ന് മന്ത്രി ഉറപ്പുനൽകി. തുറമുഖത്തിന്റെ പ്രവർത്തനത്തെ ബാധിക്കാതെ ആവശ്യമായ ജോലികൾ ചെയ്യുന്നതിന് 52 ദിവസത്തെ ട്രോളിംഗ് നിരോധന കാലയളവ് പ്രയോജനപ്പെടുത്താൻ തുറമുഖ അതോറിറ്റിയോട് നിർദ്ദേശിച്ചു

Leave a Reply