You are currently viewing വിദേശ വിദ്യാർത്ഥികളെ നാട് കടത്തില്ല: കാനഡ

വിദേശ വിദ്യാർത്ഥികളെ നാട് കടത്തില്ല: കാനഡ

കുടിയേറ്റവുമായി ബന്ധപ്പെട്ട വ്യാജ രേഖ നിർമ്മാണത്തിൽ ഉൾപ്പെടാത്ത വിദേശ വിദ്യാർത്ഥികളെ രാജ്യത്ത് നിന്ന് നാടുകടത്തില്ലെന്ന് കാനഡയിലെ ഇമിഗ്രേഷൻ മന്ത്രി സീൻ ഫ്രേസർ പ്രഖ്യാപിച്ചു.  നാടുകടത്താനുള്ള സാധ്യത നേരിടുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ആശ്വാസം പകരുന്നതാണ് ഈ വാർത്ത.

പഠിക്കാനുള്ള യഥാർത്ഥ ഉദ്ദേശ്യത്തോടെയും വ്യാജ ഡോക്യുമെന്റേഷനെക്കുറിച്ച് അറിയാതെയും കാനഡയിലെത്തിയ വിദേശ വിദ്യാർത്ഥികൾക്ക്  താത്കാലിക റസിഡന്റ് പെർമിറ്റ് നൽകാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. 

“കാനഡയിലെ ഇമിഗ്രേഷൻ സംവിധാനം ദുരുപയോഗം ചെയ്യുന്നതും
കാനഡ സന്ദർശിക്കാനോ ജോലി ചെയ്യാനോ പഠിക്കാനോ ഇവിടെ സ്ഥിരതാമസമാക്കാനോ ശ്രമിക്കുന്ന ആളുകളെ ചൂഷണം ചെയ്യാനും ശ്രമിക്കുന്ന കൺസൾട്ടന്റുമാരെ തടയാൻ ഞങ്ങൾ എല്ലാ അവസരങ്ങളും ഉപയോഗിക്കും” മന്ത്രി ഫ്രേസർ പറഞ്ഞു. 

ഈ തീരുമാനം നടപ്പിലാക്കുന്നതിലൂടെ, സദുദ്ദേശ്യമുള്ള വിദ്യാർത്ഥികൾക്കും ബിരുദധാരികൾക്കും വീണ്ടും പ്രവേശനത്തിന് അഞ്ച് വർഷത്തെ വിലക്ക് നേരിടാതെ കാനഡയിൽ തുടരാൻ കഴിയുമെന്ന് ഉറപ്പാക്കുകയാണ് മന്ത്രി ലക്ഷ്യമിടുന്നത്.  വ്യാജ പ്രവേശന കത്തുകൾ സമർപ്പിച്ചെന്നാരോപിച്ച് കാനഡയിലെ ഒരു വിഭാഗം ഇന്ത്യൻ വിദ്യാർത്ഥികൾ നാടുകടത്തൽ നേരിടുന്നുണ്ടെന്ന റിപ്പോർട്ടുകളോടുള്ള പ്രതികരണമായാണ് പ്രസ്താവന.  നാടുകടത്തൽ ഭീഷണി നേരിട്ട വിദ്യാർത്ഥികളുടെ യഥാർത്ഥ എണ്ണം തുടക്കത്തിൽ റിപ്പോർട്ട് ചെയ്ത 700 എന്നതിനെക്കാൾ വളരെ കുറവാണ് എന്ന് പറയപെടുന്നു

കാനഡയിൽ നാടുകടത്തൽ നേരിടുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ പ്രശ്നം ഇന്ത്യൻ സർക്കാരിന്റെ ശ്രദ്ധ ആകർഷിച്ചു, വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഇക്കാര്യം കനേഡിയൻ സഹമന്ത്രിയോട് ഉന്നയിച്ചു.  വിദ്യാർത്ഥികൾ  തെറ്റ് ചെയ്തിട്ടില്ലെന്ന് ഉറപ്പിച്ചു പറഞ്ഞുകൊണ്ട് നീതി പാലിക്കാൻ ഇന്ത്യൻ അധികാരികൾ കനേഡിയൻ അധികാരികളോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു

Leave a Reply