You are currently viewing 72 ദശലക്ഷം വർഷങ്ങൾക്ക്  മുമ്പ് ജീവിച്ചിരുന്ന ദിനോസറിന്റെ അവശിഷ്ടങ്ങൾ ചിലിയിൽ കണ്ടെത്തി.
ഹാഡ്രോസോർ ചിത്രം/ഹെൻറിച്ച് ഹാർഡർ

72 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്ന ദിനോസറിന്റെ അവശിഷ്ടങ്ങൾ ചിലിയിൽ കണ്ടെത്തി.

സുപ്രധാനമായ ഒരു കണ്ടെത്തലിൽ ദക്ഷിണാർദ്ധഗോളത്തിൽ മുമ്പ് അജ്ഞാതമായിരുന്ന ഒരു സസ്യഭുക്കായ ദിനോസറിന്റെ അവശിഷ്ടങ്ങൾ ചിലിയിൽ കണ്ടെത്തി.ഈ കണ്ടെത്തൽ താറാവിൻ്റെ ചുണ്ടുകളോട് സാദൃശ്യം പുലർത്തുന്ന വായുള്ള ഡക്ക്-ബില്ലുള്ള ദിനോസറുകളുടെ നിലവിലുള്ള ധാരണകളെ മാറ്റിമറിക്കുമെന്ന് ഗവേഷകർ പറയുന്നു

ഗോൺകോകൻ നാനോയി ( Gonkoken nanoi ) എന്ന് പേരിട്ടിരിക്കുന്ന ദിനോസർ, ഏകദേശം 72 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ഇന്നത്തെ ചിലിയൻ പാറ്റഗോണിയയുടെ തെക്കേ അറ്റത്തുള്ള പ്രദേശത്താണ് ജീവിച്ചിരുന്നത്. 4 മീറ്റർ നീളവും ഒരു ടൺ ഭാരവുമുള്ള ഈ ദിനോസറുകൾക്ക് നാല് കാലിലോ, ഇരു കാലിലോ അനായാസം നീങ്ങുവാൻ സാധിച്ചിരുന്നു. ഇതിനാൽ ഉയരങ്ങളിൽ നിന്ന് വരെ സസ്യങ്ങൾ ഭക്ഷിക്കുവാൻ അതിന് സാധിച്ചു.


സയൻസ് അഡ്വാൻസസ് ജേണൽ പ്രസിദ്ധീകരിച്ചതും സാന്റിയാഗോയിൽ അവതരിപ്പിച്ചതുമായ ഒരു പഠനത്തിലാണ് ഈ കണ്ടെത്തലുകൾ രേഖപ്പെടുത്തിയിരിക്കുന്നത് . പുരാതന ഇനം ഹാഡ്രോസോറുകളുടെ വിഭാഗത്തിൽ പെടുന്ന ഡക്ക്-ബില്ലഡ് ദിനോസറുകളുടെ വിഹാര കേന്ദ്രമായിരുന്നു ഒരു കാലത്ത് ചിലിയൻ പാറ്റഗോണിയ പ്രദേശങ്ങൾ. 145 മുതൽ 66 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ക്രിറ്റേഷ്യസ് കാലഘട്ടത്തിൽ വടക്കേ അമേരിക്ക, ഏഷ്യ, യൂറോപ്പ് എന്നിവിടങ്ങളിൽ ഈ ദിനോസറുകൾ വ്യാപകമായിരുന്നു. വിദൂര തെക്കൻ ദേശങ്ങളിൽ ഈ ജീവികളുടെ അപ്രതീക്ഷിത സാന്നിധ്യം ശാസ്ത്രജ്ഞരെ കൗതുകത്തിലാക്കിയിട്ടുണ്ട്, അവരുടെ പൂർവ്വികർ എങ്ങനെ ഈ സ്ഥലത്ത് എത്തിയിരിക്കാം എന്നതിനെക്കുറിച്ചുള്ള കൂടുതൽ അന്വേഷണത്തിന് ഇത് ഗവേഷകരെ പ്രേരിപ്പിക്കും

ചിലിയിൽ കണ്ടെത്തിയ അഞ്ചാമത്തെ ദിനോസർ ഇനമാണ് “ഗോങ്കോക്കൻ നാനോയി ” 2013-ൽ തുടങ്ങിയ ഗവേഷണത്തിൻ്റെ പര്യവേക്ഷണത്തിൻ്റെയും പരിണിത ഫലമാണ് ഈ കണ്ടെത്തൽ. “ഗോങ്കോക്കൻ” എന്ന പേര് ഈ പ്രദേശത്തെ തദ്ദേശവാസികൾ സംസാരിക്കുന്ന തെഹുവൽചെ ഭാഷയിൽ നിന്നാണ് ഉരുത്തിരിഞ്ഞത്, ഇതിനു ” താറാവിനെയോ ഹംസത്തെയോ സാമ്യപ്പെടുത്തുന്നു” എന്നാണ് അർത്ഥം.

Leave a Reply