കർണാടക കോഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്‌സ് ഫെഡറേഷൻ (കെഎംഎഫ്) കേരളത്തിൽ നന്ദിനി ഔട്ട്‌ലെറ്റുകൾ തുറക്കുന്നതിനെച്ചൊല്ലിയുള്ള തർക്കങ്ങൾക്കിടെ, കേരള കോഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ (കെസിഎംഎംഎഫ്) മിൽമ ബ്രാൻഡ് പാൽ ഉൽപന്നങ്ങൾ വിൽക്കുന്നതിനായി കർണാടകയിൽ ഔട്ട്‌ലെറ്റുകൾ തുറക്കാൻ ഒരുങ്ങുന്നു.
മിൽമ ബ്രാൻഡ് പാൽ ഉൽപന്നങ്ങൾ മാത്രമാണ് ഔട്ട്‌ലെറ്റുകൾ വഴി വിൽക്കുകയെന്നും പാൽ വിൽക്കില്ലെന്നും കെസിഎംഎംഎഫ് ചെയർമാൻ കെ എസ് മണി പറഞ്ഞു.
കർണാടകയിലെയും തമിഴ്‌നാട്ടിലെയും പ്രധാന നഗരങ്ങളിൽ ഔട്ട്‌ലെറ്റുകൾ തുറക്കുന്നതിനുള്ള സാഹചര്യങ്ങൾ ഞങ്ങൾ പരിശോധിച്ചുവരികയാണ്. ഇത് കൊവിഡിനെ തുടർന്ന് നിശ്ചലാവസ്ഥയിൽ ആയിരുന്നു. ഇപ്പോൾ വീണ്ടും ചർച്ചകൾ സജീവമായിരിക്കുകയാണ്. കർണാടകയിൽ ബെംഗളൂരു, മൈസൂരു, കുടക് എന്നിവിടങ്ങളിലാണ് ഔട്ട്‌ലെറ്റുകൾ ആസൂത്രണം ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പാലും പാലുൽപ്പന്നങ്ങളും വിൽക്കുന്നതിനായി കേരളത്തിൽ നന്ദിനി ഔട്ട്‌ലെറ്റുകൾ തുറക്കാനുള്ള കെഎംഎഫിന്റെ സമീപകാല തീരുമാനത്തെ കെസിഎംഎംഎഫ് എതിർത്തിരുന്നു. ഒരു സംസ്ഥാനത്തെ പാൽ വിപണന ഫെഡറേഷൻ മറ്റൊരു സംസ്ഥാനത്ത് പാൽ വിൽക്കുന്നത് സഹകരണ തത്വങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി പ്രശ്നത്തിൽ ദേശീയ ക്ഷീര വികസന ബോർഡിന്റെ (എൻഡിഡിബി) ഇടപെടൽ കെസിഎംഎംഎഫ് ആവശ്യപ്പെട്ടിരുന്നു.
എൻഡിഡിബിയുടെ ഇടപെടലിൽ പരിഹാരമുണ്ടായില്ലെങ്കിൽ കർണാടക സർക്കാരുമായി വിഷയം ചർച്ച ചെയ്യുന്ന കാര്യം പരിഗണിക്കുമെന്ന് കേരള മൃഗസംരക്ഷണ മന്ത്രി ജെ ചിഞ്ചു റാണി നേരത്തെ പറഞ്ഞിരുന്നു.