ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികളുടെ ഓർമ്മകളിൽ 1983 എന്ന വർഷം എന്നും മായാതെ നിൽക്കും. കപിൽ ദേവിന്റെ ഇന്ത്യൻ ടീം സങ്കൽപ്പിക്കാനാവാത്ത നേട്ടം കൈവരിച്ച വർഷമായിരുന്നു അത്. ശക്തരായ വെസ്റ്റ് ഇൻഡീസിനെ പരാജയപ്പെടുത്തി അവരുടെ ആദ്യ ലോകകപ്പ് കിരീടം നേടിയ വർഷം. മുൻ വെസ്റ്റ് ഇൻഡീസ് ക്യാപ്റ്റൻ ക്ലൈവ് ലോയ്ഡിന് തോൽവി കയ്പേറിയ അനുഭവമായിരുന്നെങ്കിലും, ഇന്ത്യയുടെ വിജയം ക്രിക്കറ്റ് കളിയിൽ ചെലുത്തിയ ആഴത്തിലുള്ള സ്വാധീനം അദ്ദേഹം അംഗീകരിക്കുന്നു.
ടൂർണമെന്റിന്റെ ഓപ്പണിംഗ് റൗണ്ടിൽ വെസ്റ്റ് ഇൻഡീസ് ഇന്ത്യയോട് തോറ്റിരുന്നു, കപിലിന്റെ ചെകുത്താന്മാരുടെ കഴിവ് ക്ലൈവ് ലോയ്ഡിന് അറിയാമായിരുന്നു. “ഇന്ത്യ നിസ്സാരമായി കാണേണ്ട ടീമായിരുന്നില്ല. ഓസ്‌ട്രേലിയയെയും ഇംഗ്ലണ്ടിനെയും അവർ ഫൈനലിലേക്കുള്ള വഴിയിൽ തോൽപ്പിക്കുകയും, കൂടാതെ മികച്ച ഓൾറൗണ്ട് ക്രിക്കറ്റ് താരങ്ങളും ടീമിലുണ്ടായിരുന്നു,” ലോയ്ഡ് പറഞ്ഞു.
1983-ലെ ഇന്ത്യയുടെ ആദ്യ ലോകകപ്പ് വിജയത്തിന്റെ 40-ാം വാർഷികം പ്രമാണിച്ച് ബാക്ക്‌സ്റ്റേജ് വിത്ത് ബോറിയ എന്ന ഷോയിൽ റെവ്‌സ്‌പോർട്‌സിനോട് സംസാരിച്ച ലോയ്ഡ് പറഞ്ഞു, “ഇന്ത്യയെ 183ന് പുറത്താക്കിയത് വളരെ നല്ല കാര്യമായിരുന്നു, മിക്ക ദിവസങ്ങളിലും ഞങ്ങൾ ഈ സ്‌കോർ എളുപ്പത്തിൽ പിന്തുടരുമായിരുന്നു. പക്ഷേ, ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം ആ വിജയം മഹത്തരം ആയിരുന്നു.ഇന്ത്യൻ ക്രിക്കറ്റിനെ അടിസ്ഥാനപരമായി മാറ്റാൻ ഇത് സഹായിച്ചു. ” ലോയ്ഡ് പറഞ്ഞു
“1983 ലെ ശൈത്യകാലത്ത് ഞങ്ങൾ ഇന്ത്യക്കാരെ തോൽപ്പിച്ചപ്പോഴും, അവർ ക്രിക്കറ്റിലെ സൂപ്പർ പവർ ആകുന്നതിന് അധികം സമയമില്ലെന്ന് ഞങ്ങൾക്കറിയാമായിരുന്നു. ലോകകപ്പ് വിജയം ഇന്ത്യൻ ക്രിക്കറ്റിന് നൽകിയ ആത്മവിശ്വാസത്തിന് സമാനതകളില്ല. ഇത് ഇന്ത്യൻ ക്രിക്കറ്റിൻ്റെ മികച്ച നേട്ടമാണ്” മുൻ വെസ്റ്റ് ഇന്ത്യൻ ക്യാപ്റ്റൻ പറഞ്ഞു.