പശ്ചിമ ബംഗാൾ, ഡൽഹി-എൻസിആർ തുടങ്ങി രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ പച്ചക്കറി വില കുതിച്ചുയർന്നു. പച്ചമുളകിന്റെയും ഇഞ്ചിയുടെയും വില കിലോയ്ക്ക് 400 രൂപ വരെ ഉയർന്നു.
ചെന്നൈയിൽ മുളകിന്റെ വരവ് ഗണ്യമായി കുറഞ്ഞതോടെ വില കിലോയ്ക്ക് 350 രൂപയായി. പച്ചമുളകിന്റെ ലഭ്യത കുറഞ്ഞതോടെ ആവശ്യക്കാർ വർധിച്ചതാണ് വില വർധനവിന് കാരണമായത്.
മറ്റ് പച്ചക്കറികൾക്കും 30 ശതമാനം മുതൽ 50 ശതമാനം വരെ വിലക്കയറ്റം ഉണ്ടായിട്ടുണ്ട്. മുളകും ഇഞ്ചിയും കൂടാതെ ഗ്രീൻപീസിനും വില കൂടിയിട്ടുണ്ട്,ഗ്രീൻപീസിനു ചില്ലറവിൽപ്പനയിൽ കിലോയ്ക്ക് 280 രൂപയോളം എത്തി.
അടുത്ത 10-14 ദിവസങ്ങൾക്കുള്ളിൽ പുതിയ വിളകൾ വിപണിയിലെത്തുമെന്ന് വിദഗ്ധർ പ്രതീക്ഷിക്കുന്നു, ഇത് സ്ഥിതിഗതികൾ ഒരു പരിധിവരെ ലഘൂകരിക്കും. എന്നിരുന്നാലും, പച്ചക്കറി വിലയിലെ കുത്തനെയുള്ള വർധന ഗാർഹിക ബജറ്റുകളിൽ അധിക സമ്മർദ്ദം ചെലുത്തുന്നു.
മുളകിന്റെ പ്രധാന വിതരണക്കാരായ ആന്ധ്രാപ്രദേശിലെ കർഷകർ കഴിഞ്ഞ വിളവെടുപ്പിലെ വിലക്കുറവിനെ തുടർന്ന് മറ്റ് വിളകളിലേക്ക് മാറി. തൽഫലമായി, ചെന്നൈയിൽ എത്തുന്ന മുളക് പ്രാഥമികമായി കർണാടകയിൽ നിന്നാണ് വരുന്നത്, ഇത് വിതരണത്തെയും വിലയെയും കൂടുതൽ ബാധിക്കുന്നു.
പച്ചക്കറി വിതരണത്തെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വം കാരണം ചില്ലറ വ്യാപാരികളുടെ വരുമാനം കുത്തനെ ഇടിഞ്ഞു. പച്ചക്കറി വിലക്കയറ്റത്തിൽ ഉപഭോക്താക്കൾ പൊറുതിമുട്ടുമ്പോൾ, കാലവർഷം തുടരുകയും പുതിയ വിളകൾ വിപണിയിൽ എത്തുകയും ചെയ്യുന്നതോടെ സ്ഥിതി മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണ് സർക്കാരും വ്യാപാരികളും.