ഇന്റർനാഷണൽ എനർജി ഏജൻസിയുടെ (ഐഇഎ) കണക്കനുസരിച്ച് റഷ്യ സൗദി അറേബ്യയെ മറികടന്ന് മുൻനിര ക്രൂഡ് ഉൽപ്പാദക രാജ്യമായി മാറും. ഏറ്റവും പുതിയ പ്രതിമാസ എണ്ണ വിപണി റിപ്പോർട്ടിൽ, സൗദി അറേബ്യ പ്രതിദിനം ഏകദേശം 9.98 ദശലക്ഷം ബാരൽ (ബിപിഡി) ഉൽപ്പാദിപ്പിക്കുമ്പോൾ റഷ്യ 9.45 ദശലക്ഷം ബിപിഡി ഉൽപ്പാദിപ്പിച്ചതായി ഐഇഎ വെളിപ്പെടുത്തി. എന്നിരുന്നാലും, എണ്ണ വില സ്ഥിരപ്പെടുത്തുന്നതിന് ഉൽപാദനം വെട്ടിക്കുറക്കാനുള്ള തീരുമാനം മൂലം സൗദി അറേബ്യയുടെ ഉത്പാദനം ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ ഒമ്പത് ദശലക്ഷം ബിപിഡി ആയി കുറയുമെന്ന് പ്രതീക്ഷിക്കുന്നു. ഒപെക്ക് സ്ഥാപക രാജ്യങ്ങളും മറ്റ് എണ്ണ ഉൽപ്പാദിപ്പിക്കുന്ന രാജ്യങ്ങളും ഉൾപ്പെടുന്ന ഒപെക് + ഗ്രൂപ്പിലെ ഏറ്റവും കൂടുതൽ എണ്ണ ഉൽപ്പാദിപ്പിക്കുന്ന രാജ്യമായി മാറാൻ ഇത് റഷ്യയ്ക്ക് അവസരമൊരുക്കുന്നു.
ഒപെക് + ഗ്രൂപ്പിന്റെ ഭാഗമായി, സൗദി അറേബ്യ ക്രൂഡ് ഉത്പാദനം ആഗസ്റ്റ് വരെ ഒരു മില്യൺ ബിപിഡി വെട്ടിക്കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചു, അതേസമയം റഷ്യ അതേ കാലയളവിൽ എണ്ണ കയറ്റുമതിയിൽ 500,000 ബിപിഡി വെട്ടിക്കുറക്കും. ഇത് ആഗോള എണ്ണ വിതരണത്തിൽ 1.5 ശതമാനം കുറവുണ്ടാക്കും. 2024 അവസാനം വരെ ഒപെക് + അംഗങ്ങൾ സ്വമേധയാ ഉത്പാദനം കുറയ്ക്കുന്നത് എണ്ണ വിപണിയെ സ്ഥിരപെടുത്തുന്നതിൽ റിയാദും മോസ്കോയും തമ്മിലുള്ള സഹകരണത്തിൻ്റെ ഭാഗമാണെന്ന് സൗദി ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ പറഞ്ഞു
ഇന്ധനത്തിനുള്ള ആഭ്യന്തര ആവശ്യകതയിൽ വർദ്ധനവ് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, റഷ്യയുടെ പെട്രോളിയം കയറ്റുമതി ഓരോ മാസവും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. റഷ്യയുടെ കടൽമാർഗ്ഗമുള്ള ഡീസൽ, ഗ്യാസോയിൽ കയറ്റുമതി ജൂണിലെ 13 ശതമാനം വർദ്ധനയെ മറികടന്ന് ജൂലൈ ആദ്യ പകുതിയിൽ 11 ശതമാനം വർധിച്ചു. എങ്കിലും ആഭ്യന്തര ശുദ്ധീകരണ, ഇന്ധന ഉൽപ്പാദന ആവശ്യങ്ങൾ പരിഹരിക്കുന്നതിനായി, ഓഗസ്റ്റിൽ മോസ്കോയുടെ എണ്ണ കയറ്റുമതി 500,000 ബിപിഡി കുറയ്ക്കാൻ റഷ്യ പദ്ധതിയിടുന്നുണ്ട്.
യൂറോപ്യൻ യൂണിയൻ റഷ്യൻ എണ്ണ ഉൽപന്നങ്ങൾക്ക് ഉപരോധം ഏർപ്പെടുത്തിയതിന് ശേഷം തുർക്കിയും ബ്രസീലും റഷ്യൻ പെട്രോളിയം കയറ്റുമതിയുടെ പ്രധാന ലക്ഷ്യസ്ഥാനങ്ങളായി ഉയർന്നു.