ചന്ദ്രയാൻ-3 ൻ്റെ വിക്രം ലാൻഡർ മൊഡ്യൂൾ എടുത്ത ചന്ദ്രന്റെ ക്ലോസപ്പ് വീഡിയോ ഇസ്റോ പങ്കിട്ടു. ബഹിരാകാശ പേടകം അതിന്റെ ലാൻഡർ പൊസിഷൻ ഡിറ്റക്ഷൻ ക്യാമറ (എൽപിഡിസി) ഉപയോഗിച്ച് ആഗസ്റ്റ് 15-ന് പകർത്തിയതാണ് ഈ ചിത്രങ്ങൾ.
ഓഗസ്റ്റ് 17-ന് ലാൻഡർ പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് വേർപെട്ടു.ഓഗസ്റ്റ് 23-ന് പേടകം ചന്ദ്രനിൽ ഇറങ്ങാൻ പദ്ധതിയിടുന്നു.
വെള്ളിയാഴ്ച ലാൻഡർ മൊഡ്യൂളിന്റെ ഡീബൂസ്റ്റിംഗ് പ്രക്രിയയ്ക്ക് ശേഷം, ചന്ദ്രയാൻ -3 ചന്ദ്രനിൽ സുരക്ഷിതമായ ലാൻഡിംഗിന് തയ്യാറെടുക്കുകയാണെന്ന് മുൻ ഐഎസ്ആർഒ ശാസ്ത്രജ്ഞൻ മയിൽസ്വാമി അണ്ണാദുരൈ പ്രസ്താവിച്ചു. ലാൻഡിംഗിന്റെ ഏറ്റവും വെല്ലുവിളി നിറഞ്ഞ രണ്ട് കാര്യങ്ങൾ ചന്ദ്രോപരിതലത്തിൽ നിന്ന് 30 കിലോമീറ്റർ ഉയരത്തിൽ ലാൻഡറിന്റെ വേഗത ക്രമീകരിക്കുകയും ബഹിരാകാശ പേടകത്തെ തിരശ്ചീന ( ഹോറിസോണ്ടൽ)ദിശയിൽ നിന്ന് ലംബ (വെർട്ടിക്കൽ) ദിശയിലേക്ക് മാറ്റുകയും ചെയ്യുന്നതാണ്
ഡീബൂസ്റ്റിംഗ് പ്രക്രിയയെ തുടർന്ന്, ലാൻഡർ വിക്രം, റോവർ പ്രഗ്യാൻ എന്നിവ ഉൾപ്പെടുന്ന ലാൻഡർ മൊഡ്യൂൾ ചന്ദ്രന്റെ ഉപരിതലത്തോട് കൂടുതൽ അടുക്കും. ചന്ദ്രയാൻ -3 ന്റെ ലാൻഡർ ഭ്രമണപഥത്തിൽ സ്ഥിരതാമസമാക്കും, അവിടെ ചന്ദ്രനോട് ഏറ്റവും അടുത്തുള്ള പോയിന്റ് (പെരിലൂൺ) 30 കിലോമീറ്റർ അകലെയാണ്, അതേസമയം ഏറ്റവും ദൂരെയുള്ള പോയിന്റ് (അപ്പോലൂൺ) 100 കിലോമീറ്റർ വരെ നീളുന്നു.
ചന്ദ്രയാൻ-3 പകർത്തിയ ചിത്രങ്ങൾ ചന്ദ്രന്റെ ഉപരിതലത്തിന്റെ വിശദമായ കാഴ്ച നല്കുന്നു. വിക്രം മൊഡ്യൂൾ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ സോഫ്റ്റ് ലാൻഡിംഗ് നേടിയാൽ, പ്രഗ്യാൻ റോവർ ചന്ദ്ര ഭൂപ്രദേശത്തെ ശാസ്ത്രീയ പര്യവേക്ഷണത്തിൽ ഏർപ്പെടും