ലൂണ-25 ബഹിരാകാശ പേടകം ചന്ദ്രനു മുകളിൽ ഒരു അടിയന്തര സാഹചര്യം നേരിടുന്നതായും ടീമുകൾ അത് വിശകലനം ചെയ്യുകയാണെന്നും റഷ്യൻ ബഹിരാകാശ ഏജൻസി റോസ്‌കോസ്‌മോസ് അറിയിച്ചു.
“ഇന്ന്, ഫ്ലൈറ്റ് പ്രോഗ്രാമിന് അനുസൃതമായി, മോസ്കോ സമയം 14:10 ന്, ഓട്ടോമാറ്റിക് സ്റ്റേഷൻ ലൂണ -25 ന് ലാൻഡിംഗിന് മുമ്പുള്ള ഭ്രമണപഥത്തിലേക്ക് മാറ്റാൻ ഒരു സിഗ്നൽ നൽകി. ഓപ്പറേഷൻ സമയത്ത്, ഓട്ടോമാറ്റിക് സ്റ്റേഷനിൽ ഒരു അടിയന്തര സാഹചര്യം ഉണ്ടായി. നിർദ്ദിഷ്ട പാരാമീറ്ററുകൾ ഉപയോഗിച്ച് നടപടികൾ പൂർത്തിയാക്കാൻ കഴിഞ്ഞില്ല,” റോസ്കോസ്മോസ് പറഞ്ഞു
മാനേജ്‌മെന്റ് ടീം നിലവിൽ സ്ഥിതിഗതികൾ വിശകലനം ചെയ്യുന്നുണ്ടെന്നും അത് കൂട്ടിച്ചേർത്തു. ചന്ദ്രന്റെ ദക്ഷിണ ധ്രുവമേഖലയിൽ ഇന്ത്യയുടെ ചന്ദ്രയാൻ-3 ദൗത്യത്തിന് മുന്നോടിയായി ഇറങ്ങുമെന്ന് പ്രതീക്ഷിച്ചിരുന്ന ലൂണ ലാൻഡിംഗിനെക്കുറിച്ച് റോസ്‌കോസ്‌മോസ് ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല.
ഓഗസ്റ്റ് 11 ന് റഷ്യയുടെ ഫാർ ഈസ്റ്റിലെ വോസ്റ്റോക്നി കോസ്‌മോഡ്രോമിൽ നിന്ന് ലൂണ-25 വിക്ഷേപിച്ചു.
റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന് വ്യക്തിപരമായി വളരെ താല്പര്യമുള്ള പ്രോജക്റ്റാണ് സ്‌പേസ് പോർട്ട്, റഷ്യയെ ബഹിരാകാശ മഹാശക്തിയാക്കാനും കസാക്കിസ്ഥാനിലെ ബൈകോണൂർ കോസ്‌മോഡ്രോമിൽ നിന്ന് റഷ്യൻ വിക്ഷേപണങ്ങൾ നീക്കാനുമുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളിൽ ഇത് പ്രധാനമാണ്.
ഈ ആഴ്ച ആദ്യം ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയ ശേഷം ലൂണ-25 ചന്ദ്രനെ ചുറ്റുകയായിരുന്നു.
ചന്ദ്രനിലെ പാറയുടെയും പൊടിയുടെയും സാമ്പിളുകൾ എടുക്കുകയാണ് ലൂണ-25 ൻ്റെ ലക്ഷ്യം . അവിടെ ഏതെങ്കിലും അടിത്തറ നിർമ്മിക്കുന്നതിന് മുമ്പായി ചന്ദ്രന്റെ പരിതസ്ഥിതി മനസ്സിലാക്കുന്നതിന് സാമ്പിളുകൾ നിർണായകമാണ്.
ചന്ദ്രൻ്റെ ധ്രുവ ഗർത്തങ്ങളിൽ ജലം അടങ്ങിയിരിക്കാമെന്ന് വിശ്വസിക്കുന്ന ശാസ്ത്രജ്ഞർക്ക് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ പ്രത്യേക താൽപ്പര്യമുണ്ട്.