ഒരു പുതിയ പഠനം ശനിയുടെ വളയങ്ങളുടെ ഉത്ഭവത്തിന്റെ നിഗൂഢതയിലേക്ക് വെളിച്ചം വീശുന്നു, നൂറ് ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് കൂട്ടിയിടിച്ച് തകർന്ന രണ്ട് മഞ്ഞുമൂടിയ ഉപഗ്രഹങ്ങളുടെ അവശിഷ്ടങ്ങളിൽ നിന്ന് അവ രൂപപ്പെട്ടതാകാമെന്ന് സൂചിപ്പിക്കുന്നു.
ദി ആസ്‌ട്രോഫിസിക്കൽ ജേർണലിൽ പ്രസിദ്ധീകരിച്ചതും നാസ, ഡർഹാം യൂണിവേഴ്‌സിറ്റി, ഗ്ലാസ്‌ഗോ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലെ ഗവേഷകർ നടത്തിയതുമായ പഠനത്തിൽ ഉപഗ്രഹങ്ങൾ തമ്മിലുള്ള വ്യത്യസ്ത കൂട്ടിയിടി സാഹചര്യങ്ങൾ മനസ്സിലാക്കാൻ സൂപ്പർ കമ്പ്യൂട്ടർ സിമുലേഷനുകൾ ഉപയോഗിച്ചു.
ശനിഗ്രഹത്തിന്റെ വളയങ്ങൾ റോച്ചെ പരിധിക്കുള്ളിൽ സ്ഥിതിചെയ്യുന്നു. റോച്ചെ പരിധി എന്നത് ഒരു ഗ്രഹത്തിന്റെ ഗുരുത്വാകർഷണ ബലം വലിയ പാറക്കൂട്ടങ്ങളെയോ മഞ്ഞു പാളികളെയോ തകർക്കാൻ കഴിയുന്ന ഏറ്റവും ദൂരത്തുള്ള ഭ്രമണപഥമാണ്. ശനിയുടെ വളയങ്ങൾ എങ്ങനെ രൂപപ്പെട്ടുവെന്ന് വിശദീകരിക്കുന്നതിന് റോച്ചെ പരിധിയെ കുറിച്ചറിയുന്നത് പ്രധാനമാണ്. ഒരു വലിയ വസ്തു റോഷ് പരിധിക്കുള്ളിൽ പ്രവേശിച്ചാൽ, അത് ഗുരുത്വാകർഷണ ബലം കാരണം തകർന്നുപോകും.
റോച്ചെ പരിധിയിലേക്ക് ശരിയായ അളവിലുള്ള ഐസ് ചിതറിക്കാൻ വിശാലമായ കൂട്ടിയിടി സാഹചര്യങ്ങൾക്ക് കഴിയുമെന്ന് അനുകരണങ്ങൾ കാണിച്ചു. കൂടുതൽ ദൂരെ പരിക്രമണം ചെയ്യുന്ന പദാർത്ഥങ്ങൾ ഒന്നിച്ചുചേർന്ന് ഉപഗ്രഹങ്ങളായി രൂപപ്പെട്ടേക്കാം.
പഠനത്തിന്റെ കണ്ടെത്തലുകൾ കാസിനി ബഹിരാകാശ പേടകത്തിൽ നിന്നുള്ള ശനിയുടെ വളയങ്ങളുടെ അളവുകളുമായി പൊരുത്തപ്പെട്ടു. വളയങ്ങൾ ഏതാണ്ട് ശുദ്ധമായ ഐസ് ആണെന്നും അവയുടെ രൂപീകരണത്തിന് ശേഷം വളരെ കുറച്ച് പൊടി മലിനീകരണം അടിഞ്ഞുകൂടിയിട്ടുണ്ടെന്നും കണ്ടെത്തി,
“ശനി ഗ്രഹത്തെ കുറിച്ച് നമുക്ക് ഇപ്പോഴും അറിയാത്ത ഒരുപാട് കാര്യങ്ങളുണ്ട്, ജീവന് യോജിച്ച പരിതസ്ഥിതികൾ ഉള്ള ഉപഗ്രഹങ്ങളെ ഉൾപ്പെടെ വിശദമായി പര്യവേക്ഷണം ചെയ്യാൻ ഇതുപോലുള്ള വലിയ സിമുലേഷനുകൾ സഹായിക്കും” കാലിഫോർണിയയിലെ സിലിക്കൺ വാലിയിലുള്ള നാസയുടെ അമേസ് റിസർച്ച് സെന്ററിൽ ഗവേഷണ ശാസ്ത്രജ്ഞനായ ഡോ.ജേക്കബ് കെഗറീസ് പറഞ്ഞു
സൗരയൂഥത്തിലെ വ്യാഴത്തിന്റെയും നെപ്റ്റ്യൂണിന്റെയും വളയങ്ങൾ ഉൾപ്പടെ മറ്റ് ഗ്രഹ വളയങ്ങളുടെ ഉത്ഭവത്തെക്കുറിച്ച് വെളിച്ചം വീശാൻ ഈ കണ്ടെത്തലുകൾ സഹായിക്കും.