സ്ട്രോക്ക് അല്ലെങ്കിൽ മസ്തിഷകഘാതം മൂലമുള്ള മരണങ്ങൾ 2050-ഓടെ പ്രതിവർഷം 10 ദശലക്ഷത്തിൽ എത്തുമെന്നും, ഇത് താഴ്ന്നതും ഇടത്തരം വരുമാനമുള്ള രാജ്യങ്ങളെ ബാധിക്കുമെന്നും ലാൻസെറ്റ് ന്യൂറോളജി ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പുതിയ പഠനം മുന്നറിയിപ്പ് നൽകുന്നു,
വേൾഡ് സ്ട്രോക്ക് ഓർഗനൈസേഷനും ലാൻസെറ്റ് ന്യൂറോളജി കമ്മീഷനും ചേർന്ന് നടത്തിയ പഠനത്തിൽ സ്ട്രോക്ക് മരണനിരക്ക് 2020-ൽ 6.6 ദശലക്ഷത്തിൽ നിന്ന് 2050-ഓടെ 9.7 ദശലക്ഷമായി ഉയരുമെന്ന് പറയുന്നു. താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിൽ ഇത് 86% ൽ നിന്ന് 91% ആയി വർദ്ധിക്കും.
ഈ പ്രതിസന്ധിയെ നേരിടാൻ തെളിവുകൾ അടിസ്ഥാനമാക്കിയുള്ളതും പ്രായോഗികവുമായ പരിഹാരങ്ങൾ നടപ്പിലാക്കണമെന്ന് പഠന രചയിതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്. ആഗോളതലത്തിൽ സ്ട്രോക്ക് കുറയ്ക്കുന്നതിനുള്ള പ്രായോഗിക ശുപാർശകൾ ഊന്നിപ്പറയുന്ന നാല് ഗവേഷണ പ്രബന്ധങ്ങൾ ഇവർ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലാൻസെറ്റ് ന്യൂറോളജി ജേണലിലാണ് ഈ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
സ്ട്രോക്ക് ഒരു മെഡിക്കൽ അടിയന്തരാവസ്ഥയാണ്. തലച്ചോറിനുണ്ടാക്കുന്ന ക്ഷതം കുറയ്ക്കുന്നതിന് അടിയന്തര ചികിത്സ ആവശ്യമാണ്. സംസാരിക്കാൻ ബുദ്ധിമുട്ട്, തളർച്ച, കാഴ്ച പ്രശ്നങ്ങൾ, പെട്ടെന്നുള്ള തലവേദന, നടക്കാൻ പ്രയാസം തുടങ്ങിയ ലക്ഷണങ്ങൾ തിരിച്ചറിയുന്നത് അനിവാര്യമാണ്.
സ്ട്രോക്കിന്റെ രണ്ട് പ്രധാന കാരണങ്ങൾ അടഞ്ഞ രക്തക്കുഴലും (ഇസ്കെമിക് സ്ട്രോക്ക്) പൊട്ടിയ രക്തക്കുഴലും (ഹെമറാജിക് സ്ട്രോക്ക്) ആണ്. ചിലർക്ക് ടെംപ്രററി ഇസ്കെമിക് അറ്റാക്ക് (TIA) എന്നറിയപ്പെടുന്ന രക്തപ്രവാഹത്തിലെ താൽക്കാലിക തടസ്സം അനുഭവപ്പെടുന്നു.
ഹൃദയത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത്, രക്തക്കട്ടകൾ, അല്ലെങ്കിൽ അവശിഷ്ടങ്ങൾ എന്നിവ കാരണം തലച്ചോറിലെ രക്തക്കുഴലുകൾ ഇടുങ്ങിയതോ അടഞ്ഞതോ ആകുമ്പോഴാണ് ഇസ്കെമിക് സ്ട്രോക്കുകൾ ഉണ്ടാകുന്നത്.
അനിയന്ത്രിതമായ ഉയർന്ന രക്തസമ്മർദ്ദം അല്ലെങ്കിൽ അനൂറിസം പോലുള്ള ഘടകങ്ങൾ കാരണം തലച്ചോറിലെ രക്തക്കുഴലുകൾ പൊട്ടുമ്പോൾ ഹെമറാജിക് സ്ട്രോക്കുകൾ ഉണ്ടാകുന്നു.
താൽക്കാലിക ഇസ്കെമിക് സ്ട്രോക്കുകൾ ഭാവിയിലെ സ്ട്രോക്കുകളുടെ അപകടസാധ്യത വർദ്ധിപ്പിക്കുന്നതിനാൽ മുൻ കരുതലുകൾ എടുക്കണ്ടതുണ്ട്.
ജീവിതശൈലി , മെഡിക്കൽ അവസ്ഥകൾ, പ്രായം എന്നിവയുൾപ്പെടെ നിരവധി അപകട ഘടകങ്ങളുണ്ട്. ഫലപ്രദമായ പ്രതിരോധ തന്ത്രങ്ങളിൽ രക്തസമ്മർദ്ദം, കൊളസ്ട്രോൾ, ഭാരം എന്നിവ നിയന്ത്രിക്കുക, പുകവലി ഉപേക്ഷിക്കുക, പതിവായി വ്യായാമം ചെയ്യുക, ആരോഗ്യകരമായ ഭക്ഷണം കഴിക്കുക എന്നിവ ഉൾപ്പെടുന്നു.
പൊതുവേ, അപകട കാരണങ്ങൾ മനസ്സിലാക്കുക, മെഡിക്കൽ ഉപദേശം പാലിക്കുക, ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കുക എന്നിവയാണ് സ്ട്രോക്ക് പ്രതിരോധത്തിനുള്ള അനിവാര്യമായ ഘടകങ്ങൾ.