ബ്രസീലിലെ അരീന പൻ്റാനാൽ സ്റ്റേഡിയത്തിൽ വെനസ്വേലയുമായുള്ള മത്സരത്തിൽ 1-1ന് സമനില വഴങ്ങിയതിന് ശേഷം സ്‌റ്റാന്റിൽ നിന്ന് എറിഞ്ഞ പോപ്‌കോൺ ബാഗ് നെയ്‌മറുടെ തലയിൽ തട്ടിയ സംഭവത്തെ ബ്രസീൽ കോച്ച് ഫെർണാണ്ടോ ഡിനിസ് അപലപിച്ചു
2023 ഒക്‌ടോബർ 12 വ്യാഴാഴ്ച, 2026 ലോകകപ്പ് യോഗ്യതാ മത്സരത്തിന്റെ അവസാനം നെയ്മർ സ്റ്റേഡിയത്തിന്റെ തുരങ്കത്തിലൂടെ നടക്കുന്നതിന് തൊട്ടുമുമ്പ് ആയിരുന്നു സംഭവം.
വസ്തു എറിഞ്ഞ സ്‌റ്റാൻഡുകളിൽ ആരാധകരുടെ നേരെ കൈചൂണ്ടിയും ആക്രോശിച്ചും സംസാരിച്ച നെയ്മറെ ദിനിസിന് നിയന്ത്രിക്കേണ്ടി വന്നു.
“ഞാൻ പൂർണ്ണമായും ഇത് അംഗീകരിക്കുന്നില്ല,” ദിനിസ് തന്റെ മത്സരത്തിന് ശേഷമുള്ള അഭിമുഖത്തിൽ സംഭവത്തെക്കുറിച്ച് പറഞ്ഞു. “ശപിക്കുന്നതും ചീത്തവിളിക്കുന്നതും കൊള്ളാം, പക്ഷെ പോപ്‌കോൺ ബാഗ് എറിയുന്നത് ഉചിതമല്ല.
കളിക്കുന്നവരോടും തങ്ങളാൽ കഴിയുന്നത് ചെയ്യാൻ ശ്രമിക്കുന്നവരോടും ഇത് അനാദരവാണ്.
മത്സരത്തിൽ സമനില നേടിയത് കൊണ്ട് ബ്രസീലിനെ മറികടക്കാൻ അർജന്റീനയക്ക് സാധിച്ചു എന്ന നിരാശയും ദിനിസിന് ഉണ്ടായിരുന്നു.
അർജന്റീന വ്യാഴാഴ്ച പരാഗ്വേയെ 1-0 ന് തോൽപ്പിച്ച് യോഗ്യതാ റൗണ്ടിൽ മുൻതൂക്കം നേടുകയും മൂന്ന് ഗെയിമുകൾക്ക് ശേഷം ബ്രസീലിനെക്കാൾ രണ്ട് പോയിന്റ് മുന്നിലെത്തുകയും ചെയ്തു.
ബ്രസീൽ നിരവധി അവസരങ്ങൾ നഷ്ടപെടുത്തിയതായി ദിനിസ് പറഞ്ഞു. “ഞങ്ങൾ മത്സരം മോശമായി പൂർത്തിയാക്കി. വെനസ്വേലയുടെ ഗോൾ ഞങ്ങൾ വഴങ്ങാൻ പാടില്ലായിരുന്നു.
” ഞങ്ങളുടെ മാർക്കിംഗ് ക്രമീകരിക്കുകയും എതിരാളിക്ക് ഫിനിഷ് ചെയ്യാനുള്ള അവസരം നൽകുകയും ചെയ്യരുതായിരുന്നു. പക്ഷേ ടീം മോശം കളി കളിച്ചു എന്നു കരുതുന്നില്ല ,കളിക്കാർക്ക് ചൂടും, പിച്ചിന്റെ ബുദ്ധിമുട്ടും അനുഭവപ്പെട്ടിരുന്നു.”
ചൊവ്വാഴ്‌ച മോണ്ടെവീഡിയോയിൽ നടക്കുന്ന മറ്റൊരു യോഗ്യതാ പോരാട്ടത്തിൽ ഉറുഗ്വേയെ നേരിടാൻ ബ്രസീൽ വീണ്ടും കളിക്കളത്തിലിറങ്ങും