ഇന്റർ മിയാമി ഫോർവേഡ് ലയണൽ മെസ്സിയുടെ വിടവാങ്ങൽ മത്സരം ബാഴ്‌സലോണയുടെ ക്യാമ്പ് നൗവിൽ നടക്കുമെന്ന് ലാലിഗ ക്ലബ്ബിന്റെ സ്‌പോർട്ടിംഗ് ഡയറക്ടർ ഡെക്കോ അറിയിച്ചു.
ക്ലബിന്റെ സാമ്പത്തിക പ്രതിസന്ധി കാരണം 2021 ഓഗസ്റ്റിൽ മെസ്സി ബാർസയിൽ നിന്ന് ഒരു സ്വതന്ത്ര ഏജന്റായി പുറത്ത് പോയി, എന്നാൽ അർജന്റീനയുടെ മഹാനായ താരത്തെ ആദരിക്കുന്നതിനുള്ള ഒരു മത്സരത്തെ കുറിച്ച് അന്നുമുതൽ സംസാരമുണ്ട്.
“മെസ്സി തീർച്ചയായും ബാഴ്‌സലോണയിൽ ഒരു വിടവാങ്ങൽ മത്സരം കളിക്കും, പക്ഷേ അത് എപ്പോഴായിരിക്കുമെന്ന് ഞങ്ങൾക്ക് അറിയില്ല,” ഡെക്കോ ലാൻസിനോട് പറഞ്ഞു.
“അദ്ദേഹം എപ്പോഴും ക്ലബിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഇതിഹാസ താരം ആയിരിക്കും. ക്ലബ്ബിന് ജോഹാൻ ക്രൈഫ്, റൊണാൾഡോ എന്നിവരെപ്പോലെ മഹത്തായ കളിക്കാർ ഉണ്ടായിരുന്നു, പക്ഷേ അദ്ദേഹം ഒരുപക്ഷേ എല്ലാവരെക്കാളും മഹാനാണ്.”
ബാഴ്‌സയുടെ എക്കാലത്തെയും മികച്ച സ്‌കോററായ മെസ്സി 20 വർഷം സ്പാനിഷ് ടീമിനൊപ്പം ചിലവഴിക്കുകയും അവിടെ 35 ട്രോഫികൾ നേടുകയും ചെയ്തു.
ഇതിനിടെ നവീകരിച്ച സ്‌പോട്ടിഫൈ ക്യാമ്പ് നൗ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് മെസ്സിയുടെ വിടവാങ്ങൽ മത്സരം നടത്തുന്നത് അനുയോജ്യമാണെന്ന് ബാഴ്‌സ പ്രസിഡന്റ് ജോവാൻ ലാപോർട്ട വ്യാഴാഴ്ച കാറ്റലൂനിയ റേഡിയോയോട് പറഞ്ഞു.
പാരീസ് സെന്റ് ജെർമെയ്‌നുമായുള്ള കരാർ ജൂണിൽ അവസാനിച്ചതിന് ശേഷം ഇന്റർ മിയാമിയിൽ ചേരുന്നതിന് മുമ്പ് 36 കാരനായ മെസ്സി ബാഴ്‌സയിലേക്ക് മടങ്ങുന്നത് ആലോചിച്ചിരുന്നു.
മെസ്സിക്കൊപ്പം ബാഴ്‌സയിൽ കളിച്ച ഡെക്കോ തന്റെ മുൻ സഹതാരത്തിന്റെ തീരുമാനത്തിൽ അത്ഭുതപ്പെട്ടില്ല.
“എനിക്ക് ലിയോയുമായി വളരെക്കാലത്തെ സൗഹൃദമുണ്ട്,” ഡെക്കോ പറഞ്ഞു. “അദ്ദേഹം യുണൈറ്റഡ് സ്റ്റേറ്റ്സിലേക്ക് പോകുന്ന കാര്യം വളരെക്കാലമായി ആസൂത്രണം ചെയ്തതാണ്. ഈ ആശയം അദ്ദേഹം നേരത്തെ തന്നെ സൂചിപ്പിച്ചിരുന്നു. പിഎസ്ജിയിലെ ആ രണ്ട് വർഷമാണ് അവനെ മാറ്റിയത്…”
പാരീസിലെ ജീവിതവുമായി പൊരുത്തപ്പെടാൻ ബുദ്ധിമുട്ടാണെന്ന് മെസ്സി മനസ്സിലാക്കി, പിഎസ്ജി ആരാധകരുടെ ഒരു പ്രധാന ഗ്രൂപ്പുമായി ഉരസ്സൽ ഉണ്ടായതായി മെസ്സി സമ്മതിച്ചു.ചാമ്പ്യൻസ് ലീഗിൽ നിന്ന് ടീം പുറത്തായതിന് ശേഷം പിഎസ്ജി ആരാധകർ അദ്ദേഹത്തെ കൂവി കളിയാക്കുകയും ചെയ്തു.
ക്യാമ്പ് നൗവിൽ മെസ്സിയുടെ വിടവാങ്ങൽ മത്സരം എപ്പോൾ നടക്കുമെന്ന് ഇതുവരെ വ്യക്തമായിട്ടില്ല, എന്നാൽ ക്ലബ്ബിന്റെ ആരാധകർക്ക് അവിസ്മരണീയമായ ഒരു അവസരമായിരിക്കും അത്