വിശാഖപട്ടണം-ആന്ധ്രപ്രദേശിലെ വിజയനഗരം ജില്ലയില്‍ രണ്ട് പാസഞ്ചര്‍ തീവണ്ടികള്‍ കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു.പാലസ പാസഞ്ചര്‍ തീവണ്ടിയും വിശാഖപട്ടണം-റായഗഡ പാസഞ്ചര്‍ തീവണ്ടിയുമാണ് അപകടത്തില്‍പ്പെട്ടത്. രണ്ട് തീവണ്ടികളും വിശാഖപട്ടണത്തുനിന്ന് പുറപ്പെട്ട് അവയുടെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് പോകുകയായിരുന്നു.
അപകടത്തിൽ മൂന്ന് കോച്ചുകൾ തകർന്നു. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ദേശീയ ദുരന്തനിവാരണസേന സംഭവസ്ഥലത്ത് സഹായത്തിനെത്തി. പരിക്കേറ്റവരെ ചികിത്സയ്ക്കായി സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി.
ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡി അടിയന്തര ദുരിതാശ്വാസ നടപടികൾ സ്വീകരിക്കാനും വിജയനഗരത്തിന്റെ അടുത്ത ജില്ലകളായ വിശാഖപട്ടണം, അനകപള്ളി എന്നിവിടങ്ങളിൽ നിന്ന് ആംബുലൻസുകൾ അയക്കാനും നിർദേശിച്ചിട്ടുണ്ട്. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ലഭ്യമാക്കുന്നതിന് അടുത്തുള്ള ആശുപത്രികളിൽ എല്ലാവിധ സൗകര്യങ്ങളും ഒരുക്കാൻ ജഗൻ റെഡ്ഡി ഭരണകൂടത്തോട് നിർദേശിച്ചു.
“വേഗത്തിലുള്ള ദുരിതാശ്വാസ നടപടികൾ സ്വീകരിക്കാനും പരിക്കേറ്റവർക്ക് എത്രയും വേഗം ചികിത്സ ലഭിക്കുന്നുവെന്ന് ഉറപ്പാക്കാനും ആരോഗ്യം, പോലീസ്, റെവന്യു വകുപ്പുകളുമായി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മുഖ്യമന്ത്രി ഉത്തരവിട്ടിട്ടുണ്ട്,” ആന്ധ്രപ്രദേശ് സിഎംഒ ഒരു പ്രസ്താവനയിൽ പറഞ്ഞു.
അപകടത്തിന്റെ കാരണം അന്വേഷിക്കുന്നുണ്ട്.